Latest Videos

ഇൻഡിക്കേറ്റർ ലൈറ്റിന് തകരാറ്, സ്പൈസ് ജെറ്റിന്റെ ദുബായ് വിമാനം കറാച്ചിയിൽ ഇറക്കി

By Web TeamFirst Published Jul 5, 2022, 1:46 PM IST
Highlights

എമർജൻസി ലാൻഡിംഗ് അല്ല സാധാരണ ലാൻഡിംഗ് തന്നെയാണ് വിമാനം നടത്തിയതെന്ന് സ്പൈസ് ജെറ്റ്, യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ദുബായിലേക്ക് എത്തിക്കും

ദില്ലി: ദില്ലിയിൽ നിന്നും ദുബായിലേക്ക് പോയ സ്പൈസ് ജെറ്റ് വിമാനം പാക്കിസ്ഥാനിലെ കറാച്ചിയിൽ ഇറക്കി. ഇൻഡിക്കേറ്റർ ലൈറ്റ് തകരാറിലായതിനെ തുടർന്നാണ് വിമാനം കറാച്ചിയിൽ ഇറക്കിയതെന്ന് സ്പൈസ് ജെറ്റ് അധികൃതർ വിശദീകരിച്ചു. എമർജൻസി ലാൻഡിംഗ് അല്ല സാധാരണ ലാൻഡിംഗ് തന്നെയാണ് വിമാനം നടത്തിയതെന്നും സ്പൈസ് ജെറ്റ് വ്യക്തമാക്കി. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. കറാച്ചിയിലേക്ക് പകരം വിമാനം അയച്ചതായും സ്പൈസ് ജെറ്റ് അറിയിച്ചു.  

രണ്ട് ദിവസം മുമ്പ് സ്പൈസ് ജെറ്റിന്റെ ദില്ലി ജബൽപൂർ വിമാനം കാബിനിൽ പുക കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചിറക്കിയിരുന്നു. വിമാനം 5,000 അടി ഉയരത്തിൽ ഇരിക്കെയാണ് പുക ശ്രദ്ധയിൽപ്പെട്ടത്. ഉയരം കൂടുംതോറും പുക കൂടിയതോടെ, ഫയർ അലാം പുറപ്പെടുവിച്ച ശേഷം പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ വിഭാഗവുമായി ബന്ധപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം സ്പൈസ് ജെറ്റിന്റെ ദില്ലിയിലേക്കുള്ള വിമാനം പാറ്റ്നയിൽ എമർജൻസി ലാൻഡിംഗ് നടത്തിയിരുന്നു. പറന്നുയരുന്നതിനിടെ പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനത്തിന്റെ എ‍ഞ്ചിന് തീപിടിച്ചതാണ് എമർജൻസി ലാൻഡിംഗിലേക്ക് നയിച്ചത്. 185 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 
 

click me!