തുടർച്ചയായി സർവീസുകൾ റദ്ദാക്കുന്നു; സ്‌പൈസ് ജെറ്റിന് ഡിജിസിഎയുടെ നോട്ടീസ്, 7 ദിവസത്തിനകം മറുപടി നൽകണം

Published : Nov 21, 2026, 10:42 AM IST
spicejet

Synopsis

തുടർച്ചയായി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്പൈസ് ജെറ്റിന് ഡിജിസിഎ നോട്ടീസ് നൽകി. നവംബർ 17-ന് നൽകിയ നോട്ടീസിന് ഏഴ് ദിവസത്തിനകം മറുപടി നൽകണം

ദില്ലി: സർവീസിൽ തുടർച്ചയായി വീഴ്ച വരുത്തിയ സ്പൈസ് ജെറ്റിന് ഡിജിസിഎയുടെ കുരുക്ക്. തുടർച്ചയായ വിമാനം റദ്ദാക്കൽ, വൈകൽ എന്നിവ കാരണം സ്പൈസ് ജെറ്റിന് ഡിജിസിഎ നോട്ടീസ് നൽകി. നവംബർ 17-ന് നൽകിയ നോട്ടീസിന് ഏഴ് ദിവസത്തിനകം മറുപടി നൽകണം. ഭൂരിഭാഗം വിമാനങ്ങളും കൃത്യമായി സർവീസ് നടത്തുകയോ അംഗീകൃത സമയക്രമം പാലിക്കുകയോ ചെയ്യുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്കിടെ 5500 കോടി രൂപ സമാഹരിക്കാൻ സ്പൈസ് ജെറ്റ് നീക്കം നടത്തുകയാണ്.

നവംബർ 19-ലെ കണക്കുകൾ പ്രകാരം സ്‌പൈസ് ജെറ്റിന്‍റെ കേവലം 25 ശതമാനം വിമാനങ്ങൾ മാത്രമാണ് കൃത്യസമയത്ത് സർവീസ് നടത്തിയത്. ഭൂരിഭാഗം വിമാനങ്ങളും സർവീസ് നടത്താനാകാതെ നിലത്തിറക്കിയിരിക്കുകയാണ്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കമ്പനി കടന്നുപോകുന്നത്. പിഴ തുകയും നിർബന്ധിത ഇൻഷുറൻസ് പുതുക്കലും ഉൾപ്പെടെ അടയ്ക്കാൻ കമ്പനിക്ക് സാധിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. വ്യോമയാന ചട്ടങ്ങളുടെ തുടർച്ചയായ ലംഘനം, അടിക്കടിയുള്ള വിമാന സർവീസ് തടസ്സങ്ങൾ, കുടിശ്ശികകളും പിഴകളും എന്നിവ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

പ്രമുഖ ഇന്ത്യൻ വിമാന കമ്പനികളുടെ സമയ കൃത്യത 80 ശതമാനത്തിന് മുകളിലായിരിക്കുമ്പോൾ സ്പൈസ് ജെറ്റിന്‍റേത് വെറും 25 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്പൈസ് ജെറ്റ് തങ്ങളുടെ 50 ശതമാനത്തിലധികം വിമാനങ്ങളും റദ്ദാക്കുന്നുണ്ടെന്നാണ് പ്രമുഖ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിന്നും ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റുകളിൽ നിന്നുമുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്.

2019-ൽ ഏകദേശം 15 ശതമാനം ആഭ്യന്തര വിപണി വിഹിതവുമായി രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായിരുന്നു സ്പൈസ് ജെറ്റ്. കൊവിഡ് മഹാമാരിക്ക് ശേഷമാണ് പ്രതിസന്ധി രൂക്ഷമായത്. ഈ ജനുവരിയിൽ ഏകദേശം 4 ശതമാനമായിരുന്ന എയർലൈനിന്റെ ആഭ്യന്തര വിപണി വിഹിതം ഒക്ടോബറിൽ വെറും 0.6 ശതമാനത്തിലേക്ക് കൂപ്പുകുത്തി. നവംബറിലും പ്രതിസന്ധി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഏകദേശം 5,500 കോടി രൂപ സമാഹരിക്കാൻ സ്‌പൈസ് ജെറ്റ് മാനേജ്‌മെന്‍റ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഒരു വിമാന കമ്പനി പ്രതിസന്ധിയിലാകുമ്പോൾ ആ സെക്ടറിൽ പോകുന്ന മറ്റ് കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടുന്നത് യാത്രക്കാർക്ക് വലിയ ഭാരമാകുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിനിൽ നടുക്കുന്ന ക്രൂരത; യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ
അഖിലേഷിൻ്റെ നിർണായക നീക്കം; യുപിയിൽ എസ്പി - എഎപി സഖ്യത്തിന് കളമൊരുങ്ങുന്നു, പ്രതിപക്ഷ പ്രചാരണത്തിന് സിജെപിയും