
ഗുവാഹാത്തി: സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആർമി ഡ്രൈവർക്കെതിരേ പിഴ ചുമത്തിയ അസമിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥയെ ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ(എംവിഐ) സമീം സുൽത്താനയെയാണ് രണ്ടുദിവസത്തേക്ക് ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തിയതെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ(ഡിടിഒ) ധനഞ്ജോയ് സായ്കിയ അറിയിച്ചു. അതേസമയം, ഡ്രൈവിങ് ലൈസൻസിന്റെ പേരിലല്ല സൈനിക ഡ്രൈവർക്കെതിരേ പിഴ ചുമത്തിയതെന്നും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് മാത്രമാണെന്നും ഡിടിഒ സ്ഥിരീകരിച്ചു. സൈനിക ഉദ്യോഗസ്ഥനെ ചോദ്യംചെയ്യുന്നതിനിടെ എംവിഐ പരുഷമായും സഭ്യതയില്ലാതെയുമാണ് സംസാരിച്ചത്. ഇതിന്റെ പേരിലാണ് രണ്ടുദിവസത്തേക്ക് ഉദ്യോഗസ്ഥയെ ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തി നടപടി സ്വീകരിച്ചതെന്നും ഡിടിഒ വ്യക്തമാക്കിയതായും ഇന്ത്യാടുഡേ നോർത്ത് ഈസ്റ്റ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് എംവിഐ സൈനിക വാഹനം തടഞ്ഞുനിർത്തി ഡ്രൈവർക്ക് ചലാൻ ചുമത്തിയത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി മറ്റൊരു സൈനികനൊപ്പം സൈന്യത്തിന്റെ ജിപ്സിയിൽ പോവുകയായിരുന്നു ജോർഹാത് സൈനികതാവളത്തിലെ ഡ്രൈവർക്കെതിരേയാണ് പിഴ ചുമത്തിയത്. ജോർഹാത് ടൗണിലെ ഇന്റർസ്റ്റേറ്റ് ബസ് ടെർമിനലിന് മുന്നിൽവെച്ചാണ് എംവിഐ സൈനിക വാഹനം തടഞ്ഞുനിർത്തി പിഴയിട്ടത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം ദേശീയതലത്തിലടക്കം ചർച്ചയായി. തുടർന്നാണ് സംഭവത്തിൽ ഡിടിഒ ഉൾപ്പെടെ വിശദീകരണം നൽകിയത്.
ഡ്രൈവിങ് ലൈസൻസിന്റെ പേരിലല്ല സൈനിക വാഹനത്തിലെ ഡ്രൈവർക്ക് പിഴ ചുമത്തിയതെന്നാണ് ഡിടിഒയുടെ വിശദീകരണം. ആർമി ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ആർമി വാഹനങ്ങൾ ഓടിക്കാൻ സൈനികർക്ക് അനുമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മന്ത്രാലയം നൽകുന്ന ഡ്രൈവിങ് ലൈസൻസുള്ളവർക്ക് സൈനിക വാഹനങ്ങൾ ഓടിക്കാമെന്ന് ചട്ടമുണ്ട്. സൈനികതാവളങ്ങൾക്ക് പുറത്തും സൈനിക വാഹനങ്ങൾ ഓടിക്കുമ്പോൾ ഈ ലൈസൻസിന് സാധുതയുണ്ട്. ഈ ലൈസൻസ് ഉപയോഗിച്ച് സാധാരണ വാഹനങ്ങൾ ഓടിക്കാൻ അനുമതിയില്ല. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് എംവിഐ സൈനിക വാഹനത്തിലെ ഡ്രൈവർക്ക് ചലാൻ ചുമത്തിയത്. ആർമി ലൈസൻസ് ഉള്ളതുകൊണ്ട് ഇത്തരം നിയമലംഘനങ്ങളിൽ ഇളവുകളില്ല. സൈനിക വാഹനം ഓടിക്കുന്നവരും ഈ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഇളവുകൾ അനുവദിക്കുന്നത്. അതേസമയം, എംവിഐ സൈനിക ഉദ്യോഗസ്ഥനോട് ഇടപെട്ട രീതിയും ലൈസൻസിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പവുമാണ് തർക്കത്തിനിടയാക്കിയതെന്നും ഡിടിഒ വിശദീകരിച്ചു.
സംഭവത്തിൽ ജോർഹാത് ജില്ലാ ഭരണകൂടവും ഖേദം പ്രകടിപ്പിച്ചു. വാഹനപരിശോധനയ്ക്കിടെ സൈനിക ഉദ്യോഗസ്ഥർക്കുണ്ടായ അസൗകര്യത്തിലും പ്രയാസം നേരിട്ടതിലുമാണ് ഭരണകൂടം ഖേദം പ്രകടിപ്പിച്ചത്. സേനയുടെ വികാരങ്ങളെ വ്രണപ്പെടുത്താനോ സൈനികരോട് അനാദരവ് കാണിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. സംഭവത്തിൽ ഡിടിഒ നൽകിയ റിപ്പോർട്ട് പരിശോധിച്ചെന്നും സംയുക്ത യോഗത്തിൽ വിഷയം ചർച്ച ചെയ്തെന്നും മുതിർന്ന സൈനിക ഉദ്യോഗസ്ഥനും പ്രതികരിച്ചു.
നവംബർ 13-ന് അസമിലെ ഗോലഘാട്ട് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 26 പേർ മരിച്ചിരുന്നു. ഈ അപകടത്തിന് പിന്നാലെയാണ് റോഡ് സുരക്ഷ ഉറപ്പാക്കാനായി പരിശോധന ശക്തമാക്കാൻ ജില്ലാ ഭരണകൂടം മോട്ടോർ വാഹനവകുപ്പിന് നിർദേശം നൽകിയത്. ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം പ്രത്യേക വാഹന പരിശോധന നടത്തുന്നതിനിടെയാണ് എംവിഐ സൈനിക വാഹനവും തടഞ്ഞുനിർത്തി പിഴ ചുമത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam