നാഗർകോവിലിൽ ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 31കാരനായ അയ്യപ്പൻ ആണ് പിടിയിലായത്. ഇയാൾ കന്യാകുമാരി സ്വദേശിയാണ്.
ചെന്നൈ: തമിഴ്നാട്ടിലെ നാഗർകോവിലിൽ ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു. നാഗർകോവിൽ റെയിൽവേ സ്റ്റേഷൻ യാർഡിലെ കോച്ചിനുള്ളിൽ ആണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതി കന്യാകുമാരി സ്വദേശി അയ്യപ്പൻ (31) അറസ്റ്റിലായി. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനായിട്ടില്ല.
ഇക്കഴിഞ്ഞ 18ന് രാവിലെ എട്ടുമണിയോടെ ആണ് നാഗർകോവിൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ 13-ാം നമ്പർ യാർഡിൽ നിർത്തിയിട്ടിരുന്ന നാഗർകോവിൽ - കോട്ടയം ട്രെയിനിൻ്റെ കോച്ചിനുള്ളിൽ സീറ്റിനടിയിലായി അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കേസ് ഏറ്റെടുത്ത പ്രത്യേക സംഘം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. നവംബർ 14ന് രാവിലെ എട്ടുമണിക്ക് കൊലപാതകം നടന്ന കോച്ചിൽ നിന്ന് വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ ഇറങ്ങിവരുന്ന ദൃശ്യം പൊലീസിന് ലഭിച്ചു. തുടരന്വേഷണത്തിലാണ് ഇയാളാണ് കൊലയാളിയെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
14ന് അർധരാത്രി 12:30നാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. രാത്രി 12:30ന് അഞ്ചാം പ്ലാറ്റ്ഫോമിൽ നിന്ന യുവതിയെ പ്രതി ബലംപ്രയോഗിച്ച് വലിച്ചിഴച്ച് യാർഡിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് കോച്ചിൽ എത്തിച്ചു ബലാത്സംഗത്തിന് ഇരയാക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. മർദനത്തെ തുടർന്നുള്ള ഗുരുതര പരിക്കാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മൂന്നു നാല് മാസമായി ഇയാൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കറങ്ങി നടന്നിരുന്നായി ആളുകൾ പറയുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതി ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
















