ഉത്തർ പ്രദേശിൽ എസ്പി - എഎപി സഖ്യത്തിന് കളമൊരുങ്ങുന്നു. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും എഎപി എംപി സഞ്ജയ് സിങ്ങും കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ലഖ്നൗവിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്.

ദില്ലി: ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‍വാദി പാർട്ടി (എസ്പി) - ആം ആദ്മി പാ‍‍‍ർട്ടി (എഎപി) സഖ്യത്തിന് സാധ്യത. എഎപി എംപി സഞ്ജയ് സിങ് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവുമായി ലഖ്നൗവിൽ കൂടിക്കാഴ്ച നടത്തി. അതിനിടെ, പ്രതിപക്ഷ പ്രചാരണത്തിനായി കോക്റോച്ച് ജനത പാർട്ടിയും (സിജെപി) ഇറങ്ങും. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സിജെപി, സമ്മർദ ഗ്രൂപ്പായി തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. യുപി കോർഡിനേഷൻ കമ്മിറ്റിയിൽ സിജെപി 16 പേരെ ഉൾപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ സിജെപി സാന്നിധ്യം ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് എസ്പി.

ബിജെപിക്കും പ്രതിപക്ഷത്തിനും ഏറ്റവും നിർണായകമായ ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ കൈകോർക്കാൻ ഒരുങ്ങുകയാണോ എന്ന ചോദ്യമാണ് ലഖ്നൗവിൽ രണ്ട് ദിവസമായി നടന്ന കൂടിക്കാഴ്ചകൾ ഉയർത്തുന്നത്. എഎപി എംപി സഞ്ജയ് സിങ്ങിനു പുറമേ, സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദിപാങ്ക‍ർ ഭട്ടാചാര്യയുമായും അഖിലേഷ് യാദവ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എസ്പി - കോൺ​ഗ്രസ് സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കാനാരിക്കെ ആണ് വ്യാഴം, വെള്ളി ദിവസങ്ങളിലായി ഇരുനേതാക്കളെയും അഖിലേഷ് യാദവ് കണ്ടത്. നിലവിൽ എഎപി, അഖിലേഷ് യാദവ് ഉൾപ്പെടുന്ന ഇന്ത്യ സഖ്യത്തിനൊപ്പമല്ല. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കൂടിക്കാഴ്ച ശ്രദ്ധേയമാണ്. എഎപിയുമായുള്ള സഖ്യത്തിന് അഖിലേഷ് യാദവ് താൽപര്യം അറിയിച്ചുവെന്നാണ് സൂചന.

കഴിഞ്ഞ വ‍ർഷം ജുലൈയിലാണ് എഎപി ഇന്ത്യ സഖ്യം വിടുന്നതായി സഞ്ജയ് സിങ് പ്രഖ്യാപിച്ചിരുന്നത്. 2022ലെ ഉത്ത‍ർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും സഖ്യസാധ്യത ച‍ർച്ചചെയ്ത് സഞ്ജയ് സിങ്ങും അഖിലേഷ് യാദവും കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും സീറ്റ് വിഭജനത്തെച്ചൊല്ലി ചർച്ച വഴിമുട്ടിയിരുന്നു. പിന്നീട് എഎപി തനിച്ചു മത്സരിച്ചെങ്കിലും ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞില്ല.

അതേസമയം സീറ്റ് വിഭജനം മുൻനിർത്തി കോൺ​ഗ്രസുമായുള്ള എസ്പിയുടെ ചർച്ചകൾ മറ്റന്നാൾ തുടങ്ങും. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ ച‍ർച്ചയിൽ പങ്കെടുത്തേക്കും. സംസ്ഥാനത്തെ 403 നിയമസഭാ സീറ്റുകളിൽ 181 സീറ്റുകൾ കോൺ​ഗ്രസ് ആവശ്യപ്പെട്ടതായി അഖിലേഷ് യാദവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് പ്രായോ​ഗികമല്ലെന്ന നിലപാടിലാണ് എസ്പി. 2022ലെ തെരഞ്ഞെടുപ്പിൽ 255 സീറ്റുകളിൽ വിജയിച്ചാണ് ബിജെപി സംസ്ഥാനത്ത് തുടർഭരണം നേടിയത്. എസ്പി 111 സീറ്റുകളിൽ വിജയം നേടിയപ്പോൾ ഒറ്റയ്ക്ക് 399 സീറ്റുകളിൽ മത്സരിച്ച കോൺ​ഗ്രസിന് രണ്ട് സീറ്റുകളിലാണ് വിജയിക്കാൻ കഴിഞ്ഞത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങിയ എസ്പി - കോൺ​ഗ്രസ് സഖ്യം 80ൽ 43 സീറ്റുകൾ പിടിച്ചെടുത്തപ്പോൾ ബിജെപി 33 സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു.