
ദില്ലി: മണിപ്പൂരിൽ വ്യാജമദ്യ ദുരന്തം.17 പേർ മരിച്ചു.181 പേർ ചികിത്സയിലാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത. മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ ഉൾപ്പെട്ട ചക്പികറോങ് സബ് ഡിവിഷനിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. മേഖലയിലെ 5 ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്. കഴിഞ്ഞ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായി പ്രാദേശികമായി നിർമ്മിച്ച മദ്യം കഴിച്ചവരാണ് ദുരന്തത്തിൽപ്പെട്ടത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചവരെ ഇംഫാൽ വെസ്റ്റിലെ ഷിജ ആശുപത്രിയിലും ഇംഫാൽ ഈസ്റ്റിലെ ബബിന ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ മദ്യം കഴിച്ച് ശാരീരിക ബുദ്ധിമുട്ടുകൾ തോന്നുന്നവർ ചികിത്സ തേടണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രാദേശികമായി കിട്ടുന്നതും സംശയം തോന്നുന്നതുമായ മദ്യം ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയിട്ടുള്ളവരെ മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിംങ് സന്ദർശിച്ചു. വ്യാജ മദ്യം നിർമ്മിച്ചവരെയും വിതരണം ചെയ്തവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ രണ്ട് ആശുപത്രികളിലുമായി നിയോഗിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam