ശ്രമിക് ട്രെയിനുകളുടെ ആവശ്യം കുറഞ്ഞതായി റെയിൽവേ: സുപ്രീംകോടതി വിധിക്ക് ശേഷമെന്ന് കണക്കുകൾ

By Web TeamFirst Published Jun 4, 2020, 1:28 PM IST
Highlights

യാത്ര സൗജന്യമാക്കിയ സുപ്രീംകോടതി ഉത്തരവിനു ശേഷമാണ് ശ്രമിക് ട്രെയിനുകൾ കുറക്കുന്നതെന്ന കണക്കുകളും പുറത്തുവന്നു.
 

ദില്ലി: ഇതര സംസ്ഥാന തൊഴിലാളികൾക്കായി അനുവദിച്ച ശ്രമിക് ട്രെയിനുകളുടെ ആവശ്യം കുറഞ്ഞുവരികയാണെന്ന് റെയിൽവെ. ഇതുവരെ 57 ലക്ഷം തൊഴിലാളികളികളെ നാട്ടിലെത്തിച്ചുവെന്നും റെയിൽവെ അറിയിച്ചു. അതേസമയം യാത്ര സൗജന്യമാക്കിയ
സുപ്രീംകോടതി ഉത്തരവിനു ശേഷമാണ് ശ്രമിക് ട്രെയിനുകൾ കുറക്കുന്നതെന്ന കണക്കുകളും പുറത്തുവന്നു.

4155 ശ്രമിക് ട്രെയിനുകളാണ് ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഇതുവരെ ഓടിച്ചത്. ഏറ്റവും അധികം ട്രെയിനുകൾ ആവശ്യപ്പെട്ടത് ഗുജറാത്ത്, മഹാരാഷ്ട്ര, യു.പി, ബീഹാർ  സംസ്ഥാനങ്ങളാണ്. കേരളത്തിൽ നിന്ന് പോയത് 55 ട്രെയിനുകൾ. ഒരാഴ്ച മുമ്പുവരെ ഇരുനൂറിൽ കൂടുതൽ ട്രെയിനുകൾ പ്രതിദിനം ഓടിച്ചിരുന്നു. ഇപ്പോഴത് 30 മുതൽ 40 വരെ ട്രെയിനുകൾ ആയി കുറഞ്ഞു. 

ജൂൺ 1 മുതൽ പ്രത്യേക എസി ട്രെയിനുകൾക്ക് പുറമെ 200 നോൺ എസി ട്രെയിനുകൾ കൂടി പ്രതിദിനം ഓടിത്തുടങ്ങിയതോടെ സംസ്ഥാനങ്ങൾ ശ്രമിക് ട്രെയിനുകൾ അധികം ആവശ്യപ്പെടുന്നില്ലെന്ന് റെയിൽവെ വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ തൊഴിലാളികൾക്ക് സൗജന്യ യാത്ര ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങൾ യാത്രാചെല് വഹിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് ശ്രമിക്
ട്രെയിൻ ആവശ്യത്തിൽ വലിയ കുറവ് ഉണ്ടായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത് അതുവരെ  3700 ട്രെയിനുകളിലായി 52 ലക്ഷം തൊഴിലാളികളെ നാട്ടിലെത്തിച്ചുവെന്നാണ്. അതിന് ശേഷമുള്ള ഒരാഴ്ചക്കാലം ഓടിയ ട്രെയിനിൻറെയും, തിരിച്ചുപോയ തൊഴിലാളികളുടെയും എണ്ണത്തിൽ 60 ശതമാനത്തിലധികം കുറവുണ്ടായി. മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങൾ നൂറിലധികം ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തു.

കണക്കുകൾ ഒറ്റനോട്ടത്തിൽ - 

ഇതുവരെ ഓടിയ ശ്രമിക് ട്രെയിനുകൾ - 4155
യാത്ര ചെയ്ത തൊഴിലാളികൾ- 57 ലക്ഷം
ഇന്നലെ ഓടിയ ട്രെയിനിൻറെ എണ്ണം - 32

കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്രം സുപ്രീംകോടതിയിൽ നൽകിയ കണക്ക്

മെയ് 27 വരെ 3700 ട്രെയിനുകൾ ഓടിച്ചു
യാത്ര ചെയ്ത തൊഴിലാളികൾ 52 ലക്ഷം
പ്രതിദിനം 200ൽ കൂടുതൽ ട്രെയിനുകൾ ഓടുന്നു
ഒരു ദിവസം 1.87 ലക്ഷം തൊഴിലാളികളെ നാട്ടിലെത്തിക്കുന്നു

സുപ്രീംകോടതി ഉത്തരവിന് ശേഷം

കഴിഞ്ഞ എട്ട് ദിവസം ഓടിയത് 500 ൽ താഴെ ട്രെയിനുകൾ
എട്ട് ദിവസത്തിൽ നാട്ടിലേക്ക് പോയത് 5 ലക്ഷത്തോളം തൊഴിലാളികൾ
നൂറിലധികം ട്രെയിനുകൾ റദ്ദാക്കി

click me!