'ഇന്ത്യൻ സുരക്ഷയെ ബാധിക്കുന്ന ഒന്നും അനുവദിക്കില്ല'; ചൈനക്ക് മുന്നറിയിപ്പ്, ഇന്ത്യക്ക് വാക്ക് നൽകി ശ്രീലങ്ക

Published : Dec 16, 2024, 08:28 PM ISTUpdated : Dec 16, 2024, 08:29 PM IST
'ഇന്ത്യൻ സുരക്ഷയെ ബാധിക്കുന്ന ഒന്നും അനുവദിക്കില്ല'; ചൈനക്ക് മുന്നറിയിപ്പ്, ഇന്ത്യക്ക് വാക്ക് നൽകി ശ്രീലങ്ക

Synopsis

25,000 ടൺ ഭാരമുള്ള ഉപഗ്രഹ, ബാലിസ്റ്റിക് മിസൈൽ ട്രാക്കിംഗ് കപ്പലായ യുവാൻ വാങ് 5 ഒന്നിലധികം തവണ ഹമ്പൻടോട്ടയിൽ നങ്കൂരമിട്ടിരുന്നു.

ദില്ലി: ഇന്ത്യയുടെ സുരക്ഷക്ക് ഹാനികരമായി ഒരു തരത്തിലും തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പ് നൽകി ശ്രീലങ്ക. 
ഇന്ത്യൻ സന്ദർശനത്തിനിടെ സംയുക്ത പ്രസ്താവനയിലാണ് ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകയുടെ ഉറപ്പ്. ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന 'മിഷൻ ഇന്ത്യൻ മഹാസമുദ്രം' ദൗത്യവുമായി ചൈന മുന്നോട്ടുപോകുമ്പോഴാണ് ഇന്ത്യക്ക് ഉറപ്പ് നൽകി ശ്രീലങ്ക രം​ഗത്തെത്തിയത്. 
ചൈനയുടെ കടം തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖം ഏറ്റെടുത്ത ചൈന, നാവിക നിരീക്ഷണവും ചാരക്കപ്പലുകളും നങ്കൂരമിടുന്നത് തുടരുകയാണ്.

25,000 ടൺ ഭാരമുള്ള ഉപഗ്രഹ, ബാലിസ്റ്റിക് മിസൈൽ ട്രാക്കിംഗ് കപ്പലായ യുവാൻ വാങ് 5 ഒന്നിലധികം തവണ ഹമ്പൻടോട്ടയിൽ നങ്കൂരമിട്ടിരുന്നു. പിന്നാലെ 2022 ഓഗസ്റ്റിൽ ഇന്ത്യ ആശങ്കയറിയിച്ചു. തുടർന്ന് ശ്രീലങ്ക ചൈനയോട് ചാരപ്രവർത്തനും നിർത്താനും കപ്പലിന്റെ നങ്കൂരമിടൽ നിർത്തിവെക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമ്മർദ്ദത്തെ തുടർന്ന് ചൈനീസ് കപ്പലിനെ ഡോക്ക് ചെയ്യാൻ വീണ്ടും അനുവദിച്ചു. അതിനുശേഷം, ചൈനീസ് നിരീക്ഷണ കപ്പലുകളും ചാരക്കപ്പലുകളും പതിവായി ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ പട്രോളിംഗ് നടത്തുകയും ഹമ്പൻടോട്ടയിൽ ഡോക്കിംഗ് നടത്തുകയും ചെയ്തിരുന്നു.

ശക്തമായ ട്രാക്കിംഗ്, സെൻസിംഗ്, കമ്മ്യൂണിക്കേഷൻ റിലേ സിസ്റ്റം എന്നിവ ഉപയോഗിച്ച് യുവാൻ വാങ് 5 ന് വിദേശ ഉപഗ്രഹങ്ങൾ, ഏരിയൽ അസറ്റുകൾ, മിസൈൽ സംവിധാനങ്ങൾ എന്നിവ കണ്ടെത്താൻ കഴിയും. തുറമുഖത്തിൻ്റെ നിർമ്മാണത്തിനായി കൊളംബോ എടുത്ത 1.7 ബില്യൺ ഡോളർ വായ്പയ്ക്ക് പ്രതിവർഷം 100 മില്യൺ ഡോളർ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതിനെത്തുടർന്ന് 99 വർഷത്തെ പാട്ടത്തിന് ചൈന ഹംബന്തോട്ട തുറമുഖം ഏറ്റെടുത്തിരുന്നു.

ഈ അവസരത്തിലാണ് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒരു തരത്തിലും ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കിയത്. 
പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകയും ഇന്ന് ന്യൂഡൽഹിയിൽ നടത്തിയ സംഭാഷണത്തിൽ ഉഭയകക്ഷി ബന്ധത്തിൻ്റെ പ്രാധാന്യം ചർച്ച ചെയ്തു. 2022 ലെ അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തും അതിനുശേഷവും ശ്രീലങ്കയിലെ ജനങ്ങൾക്ക് ഇന്ത്യ നൽകിയ പിന്തുണക്ക് പ്രസിഡൻ്റ് ദിസനായക അഭിനന്ദനം അറിയിച്ചു. ഉഭയകക്ഷി ബന്ധം വർഷങ്ങളായി ആഴത്തിലുള്ളതാണെന്നും രാജ്യത്തിൻ്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് കാര്യമായ സംഭാവന നൽകിയിട്ടുണ്ടെന്നും ഇരു നേതാക്കളും അംഗീകരിച്ചു.  

PREV
Read more Articles on
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്