
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയുടെ ജില്ലാ സെക്രട്ടറിമാക്ക് മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. 'ഇന്ത്യ' മുന്നണി സ്ഥാനാര്‍ത്ഥികൾ ലോക്സഭ തെരഞ്ഞെടുപ്പിൽ തോറ്റാൽ അതാത് മണ്ഡലങ്ങളിലെ ജില്ലാ സെക്രട്ടറിമാരെ പുറത്താക്കുമെന്ന് സ്റ്റാലിൻ അറിയിച്ചു. അതേസമയം തമിഴ്നാട്ടിലെ മുഴുവൻ സീറ്റുകളും നേടാനാണ് ഡിഎംകെ മുന്നണി ശ്രമിക്കുന്നത്. ബിജെപി ബന്ധം ഉപേക്ഷിച്ച് പുതിയ മുന്നണി രൂപീകരിച്ച് ലോക്സഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് എഐഎഡിഎംകെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ത്രികോണ മത്സരമായിരിക്കും തമിഴ്നാട്ടിൽ നടക്കാൻ പോകുന്നത്. 2019ൽ എന്‍ഡിഎ സഖ്യത്തിൽ മത്സരിച്ച പിഎംകെ, തമിഴ് മാനില കോൺഗ്രസ്, വിജയകന്തിന്റെ ഡിഎംഡികെ തുടങ്ങിയ പാർട്ടിക്കളെ ഒപ്പം നിർത്താൻ ബിജെപിയും എഐഎഡിഎംകെയും ഒരുപോലെ ശ്രമം തുടങ്ങിക്കഴിഞ്ഞു.
അതേസമയം ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച എഐഎഡിഎംകെയുടെ തീരുമാനത്തെ പരിഹസിക്കുകയാണ് ഡിഎംകെ. ഒരാള്‍ കള്ളനും മറ്റേയാള്‍ കൊള്ളക്കാരനുമായതിനാൽ രണ്ട് പാർട്ടികളും ഇനിയും ഒരുമിക്കാൻ സാധ്യതയുണ്ടെന്ന് ഉദയനിധി സ്റ്റാലിൻ പരിഹസിച്ചു. ഡിഎംകെയുടെ യുവജനവിഭാഗം കൃഷ്ണഗിരിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ഉദയനിധി എഐഎഡിഎംകെയെ പരിഹസിച്ച് രംഗത്തെത്തിയത്.
'എഐഎഡിഎംകെ–ബിജെപി സഖ്യം അവസാനിച്ചെന്നാണു നേതൃത്വം പ്രഖ്യാപിച്ചത്. നിങ്ങൾ സഖ്യമുണ്ടാക്കിയാലും ഇല്ലെങ്കിലും പൊതുതെരഞ്ഞെടുപ്പിൽ ഡിഎംകെ ജയിക്കും. നിങ്ങളുടെ പാർട്ടി അണികൾ പോലും ഈ തീരുമാനം വിശ്വസിക്കില്ല'. എഐഎഡിഎംകെയും ബിജെപിയും ഒരുപക്ഷേ വഴക്ക് അഭിനയിച്ചേക്കാം. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് അവർ വീണ്ടും ഒന്നിക്കും. പക്ഷേ ജനങ്ങളെ കബളിപ്പിക്കാനാവില്ല" ഇങ്ങനെയായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരിഹാസം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam