
ദില്ലി: ഓപ്പറേഷന്‍ സിന്ദൂറിന്‍റെ മുഖം കേണല്‍ സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന് വിളിച്ച മധ്യപ്രദേശ് മന്ത്രി വിജയ് ഷാ സുപ്രീം കോടതിയിലേക്ക്. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെരെയാണ് ഹർജി. മന്ത്രിയുടെ വാക്കുകള്‍ മതസ്പര്‍ധ വളര്‍ത്തുന്നതും, സമൂഹത്തില്‍ വിഭജനത്തിനിടയാക്കുന്നതാണെന്നും ഹൈകോടതി നിരീക്ഷിച്ചു. കോടതി ഉത്തരവിനെതുടര്‍ന്ന് ജയ് ഷാക്കെതിരെ പോലീസ് കേസെടുത്തിരുന്നു
മധ്യപ്രദേശിലെ പൊതു ചടങ്ങിലാണ് രാജ്യത്തിന്‍റെ അഭിമാനമായ കേണല്‍ സോഫിയ ഖുറേഷിയെ മന്ത്രി വിജയ് ഷാ അപമാനിച്ചത്. മതം ചോദിച്ച് വിവസ്ത്രരാക്കിയാണ് 26 പേരെ ഭീകരര്‍ വെടിവച്ച് കൊന്നത്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ആ ഭീകരരെ നേരിടാന്‍ അവരുടെ സമുദായത്തില്‍ പെടുന്ന ഒരാളെ തന്നെ അയച്ച് മോദി മറുപടി നല്‍കി. പ്രസ്താവനയില്‍ സ്വമേധയ ഇടപെട്ട കോടതി ഒട്ടും അമാന്തിക്കാതെ മന്ത്രിക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചു.
പരിഹാസ്യവും നിന്ദ്യവുമാണ് പ്രസ്താവനയെന്നും സമൂഹത്തില്‍ വലിയ വിഭജനമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. മന്ത്രിക്കെതിരെ മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ ജിത്തു പട്വാരി പോലീസില്‍ പരാതി നല്‍കി. രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന എല്ലാ പെൺമക്കളെയും അപമാനിക്കുന്ന പ്രസ്താവനയെന്ന് വനിത കമ്മീഷനും അപലപിച്ചു. മന്ത്രി രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പ്രസ്താവന വിവാദമായതോടെ ബിജെപി പ്രതിരോധത്തിലായി. സ്വപ്നത്തില്‍ പോലും കേണല്‍ സോഫിയ ഖുറേഷിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി വിജയ് ഷാ ന്യായീകരിച്ചു. പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് മന്ത്രി സുപ്രീംകോടതിയെ സമീപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam