
ഹൈദരബാദ്: ആന്ധ്രാ പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മദ്യലഹരിയില്‍ പുതുവത്സരാഘോഷമെന്ന രീതിയില്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ച വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി പൊലീസ്. മദ്യക്കുപ്പികളുമായി ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ പുതുവര്‍ഷം ആഘോഷിക്കുന്നുവെന്ന രീതിയില്‍ പ്രചരിച്ച വീഡിയോയിലാണ് അനകപ്പള്ളി പൊലീസ് സൂപ്രണ്ട് കെ വി മുരളീകൃഷ്ണ വിശദീകരണവുമായി രംഗത്തെത്തിയത്.
വിദ്യാര്‍ഥികള്‍ മദ്യപിച്ചിട്ടില്ലെന്നും അവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ റീലിനായി ചിത്രീകരിച്ച വീഡിയോയാണ് തെറ്റായ രീതിയില്‍ പ്രചരിക്കുന്നതെന്ന് എസ്പി വ്യക്തമാക്കി. ''തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ ചിത്രീകരിച്ചത് റീലിനായിട്ടാണ്. ആഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിട്ടില്ല. ഹോസ്റ്റലിനോട് ചേര്‍ന്ന് താമസിക്കുന്ന എസി മെക്കാനിക്കും കാര്‍ ഡ്രൈവറുമാണ് മദ്യം കഴിച്ചത്. അവിടെ ഇരുന്ന് വിദ്യാര്‍ഥികള്‍ ബിരിയാണി കഴിക്കുന്നതിനിടെയാണ് വീഡിയോ ചിത്രീകരിച്ചത്. സംഭവ സ്ഥലം ഒരു ഹോസ്റ്റലല്ല. ഹോസ്റ്റലിനോട് ചേര്‍ന്ന് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടമാണ്.''
ഡിസംബര്‍ 31നാണ് സംഭവം നടന്നതെന്നും മെക്കാനിക്കായ യുവാവാണ് വീഡിയോ പകര്‍ത്തിയതെന്നും എസ്പി വിശദീകരിച്ചു. സംഭവത്തില്‍ ഹോസ്റ്റല്‍ നടത്തിപ്പുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും എസ്പി അറിയിച്ചു.