
ദില്ലി: ഡൽഹിയിലെ സത്യനികേതനിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ് നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. അഞ്ച് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. എന്നാൽ, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ചില വിദ്യാർത്ഥികൾ സഹായത്തിനായി ഫോണിൽ വിളിക്കുന്നുണ്ടെന്ന ബിജെപി എംഎൽഎ അനിൽ ശർമ്മയുടെ വെളിപ്പെടുത്തൽ പുറത്തുവന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1:24-ഓടെയാണ് അപകടവിവരം പുറത്തറിയുന്നത്. ഉടൻ തന്നെ ഫയർഫോഴ്സിന്റെ ആറ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) സഹായവും തേടിയിട്ടുണ്ട്.
ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് എതിർവശത്തുള്ള ഒരു പഴയ കെട്ടിടമാണ് തകർന്നു വീണത്. പെയിങ് ഗസ്റ്റ് താമസസൗകര്യമാക്കി മാറ്റുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരികയായിരുന്നു. വിദ്യാർത്ഥികൾ ധാരാളമുള്ള പ്രദേശമായതിനാൽ അപകടത്തിൽപ്പെട്ടവരിൽ വിദ്യാർത്ഥികളുമുണ്ടാകാമെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി മുൻസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി ഈ കെട്ടിടത്തിന് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഈ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.
സ്ഥലത്തെത്തിയ ആർകെ പുരം എംഎൽഎ കൂടിയായ അനിൽ ശർമ്മയാണ് വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നതായുള്ള ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ഈ അവകാശവാദം രക്ഷാപ്രവർത്തകർക്കിടയിലും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കൂടുതൽ പേരെ കണ്ടെത്താനുള്ള തീവ്രശ്രമം തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam