
ദില്ലി: ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനക്കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് വിരമിച്ച ജസ്റ്റിസ് എ കെ പട്‍നായിക്കാണ്. അഞ്ച് വർഷം സുപ്രീം കോടതി ജഡ്ജിയായിരുന്ന ഇദ്ദേഹത്തെ ആദ്യമായല്ല പ്രമാദമായ ഒരു കേസിന്‍റെ മേൽനോട്ട ചുമതല ഏൽപ്പിക്കുന്നത്.
1949ൽ ഒറീസയിൽ ജനിച്ച ജസ്റ്റിസ് പട്നായിക്. 2009ലാണ് സുപ്രീം കോടതിയിലെത്തുന്നത്. അഞ്ച് വർഷം നീണ്ട് നിന്ന സുപ്രീം കോടതി
ജോലിക്കിടെ സുപ്രധാനമായ പല കേസുകളിലും നിർണ്ണായക വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട് ജസ്റ്റിസ് എ കെ പട്നായിക്.
അലോക് വർമ്മയ്ക്കെതിരായ പരാതികളിൽ സിവിസി അന്വേഷണത്തിന്‍റെ ചുമതല സുപ്രീംകോടതി നല്‍കിയത് എകെ പട്നായിക്കിനായിരുന്നു.
സിബിഐ മുൻ ഡയറക്ടർ അലോക് വർമ്മ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു സിവിസി അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ജസ്റ്റിസ് എകെ പട്നായികിന്‍റെ കണ്ടെത്തൽ. വർമ്മയെ ധൃതി പിടിച്ച് മാറ്റിയത് ശരിയായില്ലെന്നും എകെ പട്നായിക് അന്ന് അഭിപ്രായപ്പെട്ടു.
ജോയിന്‍റ് സെക്രട്ടറി റാങ്കിലോ അതിന് മുകളിലോ ഉള്ള ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ സർക്കാരിന്‍റെ മുൻകൂർ അനുമതി വേണമെന്ന് നിഷ്കർച്ചിരുന്ന ഡെൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടിന്‍റെ സെക്ഷൻ ആറ് എ റദ്ദാക്കി സിബിഐ തത്തയെ കൂട് തുറന്ന പറത്തിവിട്ട അഞ്ചംഗ ഭരണഘടന ബഞ്ചിലെ അംഗമായിരുന്നു പട്നായിക്.
2014 മാർച്ചിൽ ഐപിഎൽ വാത് വപ്പ് വിവാദത്തിന് പിന്നാലെ ബിസിസിഐ തലവൻ എൻ ശ്രീനിവാസനെ പുറത്താക്കിക്കൊണ്ട് ഉത്തരവിട്ടതും ജസ്റ്റിസ് പട്നായിക് തന്നെയായിരുന്നു.
2ജി സ്പെക്ട്രം കേസിലെഎല്ലാ കേസുകളും കേൾക്കാനായി രൂപികരിക്കപ്പെട്ട രണ്ടംഗ ബെഞ്ചിലും ഇദ്ദേഹം അംഗമായിരുന്നു. 2002ലെ അക്ഷർദാം ക്ഷേത്ര ആക്രമണക്കേസിലെ ആറ് പ്രതികളെയും വെറുതെ വിട്ട സുപ്രീം കോടതി ബെഞ്ചിലും പട്നായിക് അംഗമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam