നയിക്കാൻ പുതിയ അധ്യക്ഷൻ വരുമോ ? കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് തീരുമാനിക്കാൻ ഞായറാഴ്ച യോഗം

By Web TeamFirst Published Aug 24, 2022, 11:57 AM IST
Highlights

ലണ്ടനിലേക്ക് പോയ സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ ഓൺലൈൻ ആയി ആണ് യോഗം ചേരുക

ദില്ലി : കോൺഗ്രസ് പ്രസിഡൻറിനെ നിശ്ചയിക്കാനുള്ള തെരഞ്ഞെടുപ്പ് തീരുമാനിക്കാൻ കോൺഗ്രസ് പ്രവർത്തകസമിതി യോഗം ചേരും. ഞായറാഴ്ചയാണ് യോഗം. ഓൺലൈനായാണ് യോഗം ചേരുന്നത് . ലണ്ടനിലേക്ക് പോയ സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ ആണ് യോഗം ചേരുകയെന്ന് സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു

അധ്യക്ഷനായി രാഹുൽഗാന്ധി വരണം,പാർട്ടി നിലപാട് ഒറ്റക്കെട്ടായാണെന്നും അശോക് ഗലോട്ട്

രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷനാകണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട്. പാർട്ടി ഒറ്റക്കെട്ടായി ഈ നിലപാടിലാണെന്നും അശോക് ഗലോട്ട് പറഞ്ഞു. ഗാന്ധി കുടുംബത്തിൽ നിന്നു തന്നെ ഒരാൾ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നതെന്നാണ് പല മുതിർന്ന നേതാക്കളും പറയുന്നത്.

അടുത്ത മാസം 20ന്  അകം കോൺഗ്രസിലെ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിലടക്കം അന്തിമ തീരുമാനങ്ങളെടുക്കുമെന്നാണ് പാർട്ടി തെരഞ്ഞെടുപ്പ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. എന്നാൽ രാഹുൽ ഗാന്ധി അധ്യക്ഷനാകുമോ എന്നതിൽ വ്യക്തത വേണമായിരുന്നു. പക്ഷേ രാഹുൽ ഗാന്ധി ആകട്ടെ ഇതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. 

ഒന്നുകിൽ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ അധ്യക്ഷ സ്ഥാനത്തേക്ക് വരണം. എന്നാൽ രാഹുൽ താൽപര്യം വ്യക്തമാക്കിയിട്ടില്ല. അടുത്ത വഴി എന്ന നിലയിൽ പ്രിയങ്ക ഗാന്ധിയെ പരിഗണിച്ചെങ്കിലും രാഹുൽ ഇല്ലെങ്കിൽ താനുമില്ലെന്ന നിലപാടിലാണ് പ്രിയങ്ക. കുടുംബത്തിൽ നിന്നു തന്നെ അധ്യക്ഷൻ വേണമെന്നാണെങ്കിൽ ഒരു പക്ഷേ സോണിയ ഗാന്ധി കുറച്ചുനാൾ കൂടി തുടർന്നേക്കും

അതേസമയം ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും ഉള്ള നേതാക്കളുടെ പേരുകളും ചർച്ചയിൽ ഉയരുന്നുണ്ട്.  അശോക് ഗലോട്ട്,മല്ലികാർജുന ഖാർഗേ,കമൽനാഥ്. മുകുൾ വാസ്നിക് ,സുശീൽകുമാർ ഷിൻഡേ എന്നിവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നുന്നത്. എന്നാൽ രാഹുൽ ഗാന്ധി തന്നെ വരണമെന്നാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നതെന്നാണ് ഈ നേതാക്കൾ പറയുന്നത്. മുതിർന്ന 250 നേതാക്കൾ രാഹുൽ ഗാന്ധിയോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അശോക് ഗലോട്ട് പറയുന്നു.

ഇതിനിടെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ലോഗോ ഇന്ന് പ്രകാശനം ചെയ്യും. യാത്രയുടെ മുദ്രാവാക്യവും ഇന്ന് പുറത്തിറക്കും. ദിഗ് വിജയ് സിംഗ്, ജയ്റാം രമേശ് എന്നിവർ ചേർന്നാണ് ലോഗോയും മുദ്രാവാക്യവും പുറത്തിറക്കുക. സെപ്റ്റംബർ അഞ്ചിനാണ് ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത്. കന്യാകുമാരി മുതൽ കാശ്മീർ വരെ അഞ്ചുമാസം എടുത്താണ് രാഹുൽ പദയാത്ര നടത്തുന്നത്. കഴിഞ്ഞ ദിവസം വിവിധ പൗര പ്രമുഖരുമായി രാഹുൽഗാന്ധി ഭാരത് ജോഡോ യാത്രയെ കുറിച്ച് സംവദിച്ചിരുന്നു

2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുൻപുള്ള രാഹുൽ ഗാന്ധിയുടെ നിർണായക നീക്കമായാണ് ഇതിനെ കാണുന്നത് . സർക്കാർ വിരുദ്ധരെ ഏകോപിപ്പിക്കാനും നീക്കം തുടങ്ങി. ജനങ്ങളിലേക്ക് നേരിട്ടെത്തുന്നതിന്‍റെ ഭാഗമായാണ് ജനസമ്പർക്ക പരിപാടിയുമായി സജീവമാകുന്നത്. ഭാരത് ജോഡോ യാത്രക്കിടയിലും ജനസമ്പർക്ക പരിപാടി തുടരാനാണ് തീരുമാനം. 2014 ലെ തെരഞ്ഞെടുപ്പിന് മുൻപ് യു പി എ സർക്കാരിനെതിരെ ബി ജെ പി നടത്തിയ നീക്കത്തിന് സമാനമായ ശ്രമം ആണ് ഇത് എന്നാണ് വിലയിരുത്തൽ. 

click me!