
ദില്ലി: ജെഎന്‍യു സര്‍വകലാശാലയില്‍ ഗുണ്ടാ വിളയാട്ടമുണ്ടായതിനെതിരെ രാജ്യമാകെ പ്രതിഷേധം ഉയരുന്നതിനിടെ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദില്ലി സെന്‍റ് സ്റ്റീഫന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളും. ക്ലാസുകള്‍ ബഹിഷ്ക്കരിച്ച വിദ്യാര്‍ത്ഥികള്‍ കോളേജിന് മുന്നില്‍ ഭരണഘടന വായിച്ച് പ്രതിഷേധിച്ചു. നൂറോളം വിദ്യാര്‍ത്ഥികളാണ് മുദ്രാവാക്യം വിളികളുമായി പ്ലക്കാര്‍ഡുകളേന്തിയെത്തിയത്. സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി ഒത്തുചേരുന്നത് വളരെ അപൂര്‍വ്വമാണെന്നിരിക്കെയാണ് നൂറോളം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി ഒത്തുകൂടിയത്. ഞങ്ങള്‍ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് ഇവിടെ നില്‍ക്കുന്നത്. കലാപങ്ങള്‍ക്ക് വേണ്ടിയല്ല തുടങ്ങിയ പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രതിഷേധം.
കഴിഞ്ഞ ഞായറാഴ്ചയാണ് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മര്‍ദ്ദനമേറ്റത്. മുഖം മൂടി ധരിച്ച് മാരക ആയുധങ്ങളുമായി എത്തിയ ആക്രമികള്‍ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കുകയായിരുന്നു. സബര്‍മതി ഹോസ്റ്റല്‍, മഹി മാണ്ഡ്വി ഹോസ്റ്റല്‍, പെരിയാര്‍ ഹോസ്റ്റല്‍ എന്നിവിടങ്ങളിലാണ് ആക്രമം ഉണ്ടായത്. വിദ്യാര്‍ത്ഥി യുൂണിയന്‍ പ്രസി ഡന്‍റെ ഐഷി ഘോഷിനടക്കം പരിക്കേറ്റിരുന്നു. അതിനിടെ ജെഎന്‍യു അക്രമത്തില്‍ കൊലപാതക ശ്രമത്തിന് എബിവിപിക്കെതിരെ ഐഷി ഘോഷ് പരാതി നല്‍കി.
തലയില്‍ മുറിവേറ്റ് രക്തമൊലിച്ചുള്ള യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്‍റെ ദൃശ്യത്തിലൂടെയാണ് ജെഎന്‍യു അക്രമത്തിന്‍റെ വ്യാപ്തി പുറംലോകമറിഞ്ഞത്. ക്യാമ്പസിലെ അതിക്രമത്തിന് പിന്നില്‍ എബിവിപിയാണെന്നും, ആംബുലന്‍സ് തടഞ്ഞ് നിര്‍ത്തി വീണ്ടും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഐഷിയുടെ പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജെഎന്‍യു അധികൃതരുടെ പരാതിയില് ഐഷി ഘോഷിനെതിരെ രണ്ട് കേസുകളെടുത്തിട്ടുണ്ട്.
അതേസമയംഅന്വേഷണത്തില്‍ പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. പേരിനൊരു എഫ്ഐആര്‍ ഇട്ടതൊഴിച്ചാല്‍ മറ്റൊരു നടപടിയും ഉണ്ടായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളൊന്നും ലഭ്യമാകാത്ത സാഹചര്യത്തിലാണ് മൊബൈല്‍ ദൃശ്യങ്ങള്‍ തേടി പൊതു ജനങ്ങളെ പോലീസ് സമീപിക്കുന്നത്. ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ നല്‍കിയ പരസ്യത്തില്‍ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാവുന്നവര്‍ കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam