
ദില്ലി: ലഖിംപൂര്‍ ഖേരി (lakhimpur kheri case) കേസിന്‍റെ അന്വേഷണ മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിച്ച് സുപ്രീംകോടതി ഉത്തരവ്. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി രാകേഷ് കുമാര്‍ ജയിനിനെയാണ് അന്വേഷണ മേൽനോട്ടത്തിന് സുപ്രീംകോടതി നിയമിച്ചത്. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ലഖിംപൂര്‍ ഖേരിയിൽ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ യുപി സര്‍ക്കാരിന്‍റെ പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തിൽ പ്രതീക്ഷയില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി നടപടി. അന്വേഷണത്തിനായി യുപി സര്‍ക്കാര്‍ രൂപീകരിച്ച എസ്ഐടിയിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും സുപ്രീംകോടതി നേരിട്ട് ഉൾപ്പെടുത്തി. ഉത്തര്‍പ്രദേശുകാരല്ലാത്ത ഐപിഎസ് ഉദ്യോഗസ്ഥരായ സിരോദ്കര്‍, ദീപീന്ദര്‍ സിംഗ്, പത്മ ചൗഹാൻ എന്നിവരെയാണ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത്. കേസിലെ കുറ്റപത്രം നൽകിയ ശേഷമായിരിക്കും ഇനി കേസ് സുപ്രീംകോടതി പരിഗണിക്കുക.
കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനായിരുന്നു ലഖിംപൂര്‍ ഖേരിയിൽ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയത്. പ്രകടനവുമായി നീങ്ങിയ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനമിടിച്ച് കയറ്റുകയായിരുന്നു. നാല് കര്‍ഷകര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. കര്‍ഷകര്‍ക്കൊപ്പം ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. പിന്നീടുണ്ടായ സംഘത്തിൽ രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു.
ഈ കേസുകളിലെ അന്വേഷണമാണ് സുപ്രീംകോടതി റിട്ട. ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിലാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പടെ പത്തിലധികം പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ തുടരന്വേഷണത്തിൽ യാതൊരു പുരോഗതിയും ഇല്ലാത്ത പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടൽ. സുപ്രീംകോടതി തീരുമാനത്തെ കര്‍ഷക സംഘടനകൾ സ്വാഗതം ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam