ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങൾ: സംസ്ഥാനങ്ങൾ എന്ത് നപടിയെടുത്തു, സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തോട് സുപ്രിംകോടതി

By Dhanesh RavindranFirst Published Mar 29, 2023, 7:33 PM IST
Highlights

ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ വിവിധ സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം നൽകണമെന്ന് സുപ്രീം കോടതി 

ദില്ലി: ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ വിവിധ സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശം. ക്രൈസ്തവര്‍ ആക്രമണം നേരിട്ട പരാതികളില്‍ എട്ടു സംസ്ഥാനങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍, അന്വേഷണത്തിന്റെ പുരോഗതി, അറസ്റ്റുകള്‍, കുറ്റപത്രം നല്‍കിയ കേസുകള്‍ തുടങ്ങി വിവരങ്ങള്‍ നല്‍കണമെന്നാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. 

ക്രൈസ്തവ സമുഹത്തിനെതിരായ അക്രമങ്ങളില്‍ നടപടിയെടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് ബാംഗ്ലൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് റവ. ഡോ. പീറ്റര്‍ മക്കാഡോ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് കോടതി നിർദ്ദേശം.  

ചില സംസ്ഥാനങ്ങള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത് കൊണ്ടാണ് വൈകിയതെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയ അറിയിച്ചത്. ക്രൈസ്തവര്‍ക്കെതിരായ അക്രമ സംഭവങ്ങളില്‍ ബിഹാര്‍, ഹരിയാന, ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒഡീഷ, കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

Read more: അരിക്കൊമ്പനായി കോടതി, സര്‍ക്കാര്‍ ജനങ്ങൾക്കൊപ്പമെന്ന് മന്ത്രി, കെകെ രമയ്ക്ക് വധഭീഷണി -പത്ത് വാര്‍ത്ത

ഈ സംസ്ഥാനങ്ങളില്‍ 2021 കാലത്ത് ലഭിച്ച പരാതികളിന്‍മേല്‍ സ്വീകരിച്ച നടപടിളുടെ വിവരമാണ് നല്‍കേണ്ടത്. കൂടാതെ ഈ സംസ്ഥാനങ്ങള്‍ സുപ്രീംകോടതി നല്‍കിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്നും കേന്ദ്രം പരിശോധിക്കണം. 2022ന് ശേഷം രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് കോടതിയിൽ പറഞ്ഞു.

click me!