Asianet News MalayalamAsianet News Malayalam

അരിക്കൊമ്പനായി കോടതി, സര്‍ക്കാര്‍ ജനങ്ങൾക്കൊപ്പമെന്ന് മന്ത്രി, കെകെ രമയ്ക്ക് വധഭീഷണി -പത്ത് വാര്‍ത്ത

അരിക്കൊമ്പനായി കോടതി, സര്‍ക്കാര്‍ ജനങ്ങൾക്കൊപ്പമെന്ന് മന്ത്രി, കെകെ രമയ്ക്ക് വധഭീഷണി -10 വാര്‍ത്ത

Top 10 news 29 03 2023 ppp
Author
First Published Mar 29, 2023, 6:43 PM IST

1-അരിക്കൊമ്പനെ പിടിക്കുന്നതിനോട് യോജിക്കാതെ ഹൈക്കോടതി; തീരുമാനിക്കാൻ അഞ്ചംഗ വിദ്ഗധ സമിതിയെ നിയോഗിക്കും

ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടൻ മയക്കുവെടി വെച്ച് പിടിക്കുന്നതിനോട് യോജിക്കാതെ ഹൈക്കോടതി. അഞ്ചംഗ വിദ്ഗധ സമിതിയെ വെച്ച് തീരുമാനമെടുക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

2-കെ ബാബുവിന് തിരിച്ചടി; തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന സ്വരാജിന്‍റെ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് തിരിച്ചടി. എതിര്‍ സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനിൽക്കുമെന്ന് ഹൈക്കോടതി. കെ ബാബു നല്‍കിയ കവിയറ്റ് ഹൈക്കോടതി തള്ളി. 'അയ്യപ്പന്‍റെ' പേര് പറഞ്ഞ് കെ ബാബു വോട്ട് തേടിയെന്നാണ് കേസ്.

3- കെ കെ രമയ്ക്ക് വധഭീഷണിക്കത്ത്; നിയമസഭാ സംഘർഷത്തിലെ പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

വടകര എംഎല്‍എ കെ കെ രമയ്ക്ക് വധ ഭീഷണിക്കത്ത്. നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്നാണ് കത്തിലെ ഭീഷണി. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. ഏപ്രിൽ 20 നുള്ളിൽ പരാതി പിൻവലിക്കണമെന്ന് ഭീഷണി.

4- പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ആഭ്യന്തരവകുപ്പ് അന്വേഷിക്കും,യുവതിക്ക് 2 ലക്ഷം സഹായം

കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ആരോഗ്യവകുപ്പിന്‍റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും കത്രിക കുടുങ്ങിയത് എങ്ങനെ എന്ന് കണ്ടെത്താനായിരുന്നില്ല

5- അമൃത്പാൽ സിങ് കീഴടങ്ങിയേക്കും; പഞ്ചാബ് പൊലീസ് അതീവ ജാഗ്രതയില്‍, സുവര്‍ണ്ണ ക്ഷേത്രത്തിന് മുന്നില്‍ കനത്ത സുരക്ഷ

ഖാലിസ്ഥാന്‍വാദി നേതാവ് അമൃത്പാൽ സിങ് പൊലീസിന് മുന്‍പില്‍ കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഉപാധികൾ വച്ചായിരിക്കും കീഴടങ്ങുക എന്നാണ് റിപ്പോർട്ടുകൾ. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പഞ്ചാബ് പൊലീസ് അതീവ ജാഗ്രതയിലാണ്. സുവർണ്ണ ക്ഷേത്രത്തിനു മുൻപിൽ സുരക്ഷ വർദ്ധിപ്പിച്ചു

6- ജനങ്ങളുടെ ദുരിതം അറിയാത്ത അഭിനവ മൃഗസ്നേഹികൾ നാടിന് അപമാനമെന്ന് ഡീൻ കുര്യാക്കോസ്

ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടൻ മയക്കുവെടി വെച്ച് പിടിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തോട് പ്രതികരിച്ച് ഡീൻ കുര്യാക്കോസ്. അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയുടെ വിധി തികച്ചും നിരാശജനകമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.

7-വീട്ടുസാധനങ്ങൾ ഫാം ഹൗസിലേക്ക്, നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം; ഔദ്യോ​ഗിക വസതിയൊഴിയാൻ രാഹുൽ

ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വീടൊഴിയണമെന്നുള്ള നോട്ടീസിന് പിന്നാലെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാന്‍ ഓഫീസിലുള്ളവര്‍ക്ക് നിർദ്ദേശം നല്‍കി രാഹുൽ ഗാന്ധി. വീട്ടു സാധനങ്ങൾ ഫാം ഹൗസിലേക്ക് മാറ്റാനാണ് തീരുമാനം.

8-ഇടത് വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; കെ സുരേന്ദ്രനെതിരെ പ്രധാനമന്ത്രിക്ക് പരാതി

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ സിപിഎം വനിത നേതാക്കൾക്കെതിരായ വിവാദ പരാമർശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമനാണ് പരാതി നൽകിയത്. അടിയന്തരമായി ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ നടപടി വേണമെന്ന് ആവശ്യം

 

9- അരിക്കൊമ്പനെ പിടികൂടുന്നതിലെ കോടതി നിലപാട് നിരാശാജനകം, സർക്കാർ ജനങ്ങൾക്കൊപ്പമെന്നും വനം മന്ത്രി

അരിക്കൊമ്പനെ പിടികൂടുന്നതിൽ ഹൈക്കോടതി നിലപാട് നിരാശാജനകമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ജനങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ബാധ്യത നിറവേറ്റാനാകില്ല. ജനങ്ങളുടെ സുരക്ഷാ ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കും.

10- ദേശീയ ഗാനത്തെ അപമാനിച്ച കേസ്; മമത ബാനർജിക്ക് തിരിച്ചടി, ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതി

ദേശീയ ഗാനത്തെ അപമാനിച്ചെന്ന കേസില്‍ പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് യാതൊരു ഇളവും നല്‍കേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതി. 2023ലെ സെഷന്‍സ് കോടതി വിധിക്കെതിരെ മമത സമര്‍പ്പിച്ച ഹര്‍ജി തള്ളി കൊണ്ടാണ് ജസ്റ്റിസ് അമിത് ബോര്‍ക്കര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉത്തരവ്.

Follow Us:
Download App:
  • android
  • ios