യുപിയില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയെന്ന് പൊലീസ്, എങ്കിലെവിടെയെന്ന് കോടതി; ഉടന്‍ ഹാജരാക്കാൻ ഉത്തരവ്

By Web TeamFirst Published Aug 30, 2019, 1:56 PM IST
Highlights

പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നോ എന്ന്, വാദം കേള്‍ക്കുന്നതിനിടെ കോടതി ചോദിച്ചു. ഇല്ലെന്ന് ഹര്‍ജിക്കാരി ശോഭാ ഗുപ്ത അറിയിച്ചു. 

ദില്ലി: സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. പെണ്‍കുട്ടിയെ കണ്ടെത്തിയെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നത്.  കുട്ടിയെ കണ്ടെത്തിയെങ്കിൽ കോടതിയിൽ ഹാജരാക്കണമെന്ന് ഹർജിക്കാരി ആവശ്യപ്പെട്ടു. രണ്ടരമണിക്കൂറിനുള്ളില്‍ കുട്ടിയെ ഹാജരാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. 

നിയമവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി, ഫേസ്ബുക്കിലൂടെയാണ് സ്വാമി ചിന്മയാനന്ദിനെതിരെ ആരോപണം ഉന്നയിച്ചത്. ഇതിനുപിന്നാലെ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. മകളെ കാണാനില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. പിന്നാലെ സംഭവം വിവാദമായതോടെ വ്യാഴാഴ്ച സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതായി ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞത്. രാജസ്ഥാനില്‍ സുഹൃത്തിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയെന്നാണ് പൊലീസ് പറഞ്ഞത്. പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നോ എന്ന്, വാദം കേള്‍ക്കുന്നതിനിടെ കോടതി ചോദിച്ചു. ഇല്ലെന്ന് ഹര്‍ജിക്കാരി ശോഭാ ഗുപ്ത അറിയിച്ചു. കുട്ടിയുടെ സുരക്ഷയിൽ ഒരു ഉറപ്പുമില്ലെന്നും ഹർജിക്കാരി കോടതിയില്‍ പറഞ്ഞു. സ്വാമി ചിന്മയ നന്ദിന്റെ അഭിഭാഷകൻ കോടതിയിൽ എത്തിയത് എന്തിനെന്ന് ഹർജിക്കാരി ചോദിച്ചു. കോടതി സ്വമേധയാ എടുത്ത കേസിൽ സ്വാമിയുടെ അഭിഭാഷകൻ എങ്ങനെ കക്ഷിയാകുമെന്നാണ് ഹര്‍ജിക്കാരി ചോദിച്ചത്.

പെണ്‍കുട്ടി ഇരയായതുകൊണ്ടാണ് ദൃശ്യങ്ങൾ നൽകാൻ കഴിയാത്തത് എന്ന് യുപി പൊലീസിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പെൺകുട്ടിയും പൊലിസ് സംഘവും ഫത്തേപൂർ സിക്രിയിൽ എത്തിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ്,രണ്ടര മണിക്കൂറിനുള്ളിൽ കുട്ടിയെ കോടതിയിൽ ഹാജരാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. പെൺകുട്ടിയുമായി ജഡ്ജിമാർ സ്വകാര്യമായി സംസാരിക്കും. തുടര്‍ന്നായിരിക്കും അന്തിമ ഉത്തരവ് ഉണ്ടാകുക. 

click me!