
ദില്ലി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന പ്രതിയുടെ കവിതകള്‍ വായിച്ച് മനസ്സലിഞ്ഞ സുപ്രീംകോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചുനല്‍കി. ബോംബെ ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.
18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നയനേശ്വര്‍ സുരേഷ് ജയിലിലാകുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മോചനദ്രവ്യം ആവശ്യപ്പെടാനായി തട്ടിക്കൊണ്ടുപോകുകയും പിന്നീട് ആ കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. കേസ് കോടതിയിലെത്തിയപ്പോള്‍ കോടതി നയനേശ്വറിന് വധശിക്ഷ വിധിച്ചു.
അന്ന് 22 വയസ്സായിരുന്നു നയനേശ്വറിന്. ജയിലിലെത്തിയ ശേഷം ഇയാള്‍ പഠിച്ച് ബിരുദമെടുത്തു. ഇതിന് ശേഷം ഗാന്ധി റിസര്‍ച്ച് ഫൗണ്ടേഷന്റെ കീഴില്‍ ഗാന്ധിയന്‍ ചിന്തകളും പഠിച്ചു. ജയിലിലെ നല്ല നടപ്പ് ജയില്‍ ഉദ്യോഗസ്ഥരുടെ ഇഷ്ടം സമ്പാദിക്കാനും നയനേശ്വറിനെ സഹായിച്ചു.
വധശിക്ഷക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയപ്പോള്‍ നയനേശ്വറിന്റെ അഭിഭാഷകന്‍ വാദിച്ചതും ഇക്കാര്യങ്ങളായിരുന്നു. ജയിലില്‍ വച്ച് നയനേശ്വര്‍ പുതിയൊരാളായി മാറിയെന്നും, അയാള്‍ ഒരു 'ബോണ്‍ ക്രിമിനല്‍' അല്ലാത്തതിനാല്‍ ഇനിയും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധ്യതയില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.
ജയിലില്‍ വച്ച് നയനേശ്വര്‍ എഴുതിയ കവിതകള്‍ കൂടി വായിച്ച കോടതി, അഭിഭാഷകന്റെ വാദങ്ങളെ ശരിവയ്ക്കുകയായിരുന്നു. 22 വയസ്സിന്റെ പക്വതയില്ലായ്മയിലാണ് പ്രതി കുറ്റം ചെയ്തതെന്നും കൂടാതെ 18 വര്‍ഷത്തോളം മരണം കാത്ത് ജയിലില്‍ കിടന്നത് ശിക്ഷ കുറയ്ക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചുവെന്നും കോടതി വ്യക്തമാക്കി. വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കാനുള്ള തങ്ങളുടെ തീരുമാനം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി തീര്‍പ്പായി കണക്കാക്കണമെന്നും കോടതി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam