വ്യവസായികളുടെ താൽപര്യം മാത്രമല്ല സംരക്ഷിക്കേണ്ടത്; ലോക്ക്ഡൗൺ ദുരിതം; കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി

By Web TeamFirst Published Aug 26, 2020, 12:11 PM IST
Highlights

വ്യവസായികളുടെ താല്പര്യം മാത്രമല്ല, സാധാരണക്കാരുടെ ദുരിതം അകറ്റാനും കേന്ദ്രം നടപടിയെടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.  സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതത്തിലാകുമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും മുന്നറിയിപ്പ് നൽകി. 

ദില്ലി: ലോക്ക്ഡൗൺ രാജ്യത്ത് ജനങ്ങളുടെ ദുരിതത്തിന് കാരണമായെന്ന് സുപ്രീംകോടതിയുടെ പരാമർശം.  വ്യവസായികളുടെ താല്പര്യം മാത്രമല്ല, സാധാരണക്കാരുടെ ദുരിതം അകറ്റാനും കേന്ദ്രം നടപടിയെടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.  സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതത്തിലാകുമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും മുന്നറിയിപ്പ് നൽകി. 

ലോക് ഡൗണ്‍ കാലത്ത് ബാങ്ക് വായ്പകൾക്ക് മൂന്ന് മാസത്തേക്ക് കേന്ദ്രം മോറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും വായ്പാ തുകയുടെ പലിശയും പലിശയുടെമേൽ പലിശയും ബാങ്കുകൾ ഈടാക്കുന്നുണ്ട്. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചത്. ജനങ്ങൾ ദുരിതത്തിലായത് ലോക്ഡൗണ്‍ കാരണമാണ്. അത് പരിഹരിക്കേണ്ടത് സര്‍ക്കാരിന്‍റെ കൂടി ഉത്തരവാദിത്തമാണെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ കോടതി ഓര്‍മ്മപ്പെടുത്തി. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയെ മറയാക്കി പ്രതിരോധം തീര്‍ക്കാൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. ഇക്കാര്യങ്ങളിൽ വ്യക്തമായ മറുപടി നൽകാൻ കേന്ദ്രത്തിന് കോടതി ഒരാഴ്ചത്തെ സമയം നൽകി. 

അതിനിടെ  കൊവിഡ് നിയന്ത്രണങ്ങൾ തുടരുമ്പോൾ സാമ്പത്തിക മാന്ദ്യം മറികടന്ന് മുന്നോട്ടുപോവുക വലിയ വെല്ലുവിളിയാകുമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രത്തിന് റിപ്പോർട്ട് നൽകി. ലോക് ഡൗണ്‍ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടില്ല.  ജി.ഡി.പി വളര്‍ച്ചയിൽ ഈ സാമ്പത്തിക വര്‍ഷം എന്നുമാത്രമല്ല, അടുത്ത വര്‍ഷങ്ങളിലും പുരോഗതി പ്രതീക്ഷിക്കാനാകില്ല. നഗരങ്ങളിലും ഗ്രാമങ്ങളിലും സാധാരണക്കാരുടെ വരുമാനം ഇടിയുന്നത് കൂടുതൽ പേരെ ദാരിദ്ര്യത്തിലാക്കുമെന്ന സൂചന കൂടിയാണ് ആര്‍.ബി.ഐ നൽകുന്നത്. സംസ്ഥാനങ്ങളുടെ റവന്യു വരുമാനത്തിൽ അമ്പത് ശതമാനത്തിൽ കൂടുതൽ കേന്ദ്രത്തിൽ നിന്നാണ് വരുന്നത്. ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രം വരുത്തുന്ന കാലതാമസം സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ദുര്‍ബലമാക്കുന്നു. നാളെ ചേരാനിരിക്കുന്ന ജി.എസ്.ടി കൗണ്‍സിൽ യോഗത്തിൽ ഇതേചൊല്ലി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾക്കിടയിൽ വലിയ തര്‍ക്കത്തിനാണ് സാധ്യത.
 

Read Also: ചിറ്റാര്‍ മത്തായി കസ്റ്റഡി മരണം: അന്വേഷണം വേഗത്തിൽ ഏറ്റെടുക്കാൻ സിബിഐയ്ക്ക് ഹൈക്കോടതി നിർദ്ദേശം...

 

click me!