സോഷ്യല്‍ മീഡിയ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ബിജെപി പ്രവര്‍ത്തകന്‍റെ ഹര്‍ജി; പരിഗണിക്കാന്‍ വിസ്സമ്മതിച്ച് സുപ്രീംകോടതി

By Web TeamFirst Published Oct 14, 2019, 12:32 PM IST
Highlights

ബിജെപി പ്രവർത്തകനായ അശ്വനി കുമാറാണ് ഹർജി നൽകിയത്. കേസ് പരിഗണിക്കാൻ വിസമ്മതിച്ചതോടെ ഹർജി അശ്വനി കുമാര്‍ പിൻവലിച്ചു. നേരത്തെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി വന്നിരുന്നു

ദില്ലി: സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പുതിയ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ബിജെപി പ്രവർത്തകനായ അശ്വനി കുമാറാണ് ഹർജി നൽകിയത്. കേസ് പരിഗണിക്കാൻ വിസമ്മതിച്ചതോടെ ഹർജി അശ്വനി കുമാര്‍ പിൻവലിച്ചു.

നേരത്തെ, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അശ്വിനി ഉപാധ്യായ എന്ന ബിജെപി നേതാവായ അഭിഭാഷകന്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വ്യാജവാര്‍ത്തകളും മറ്റും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് തടയാന്‍ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ കഴിയുമെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. 

പിന്നീട് സാമൂഹ്യ മാധ്യമ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന മദ്രാസ് ഹൈക്കോടതിയിലേതടക്കമുള്ള പൊതുതാത്പര്യ ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിനും വിവിധ സാമൂഹ്യ മാധ്യങ്ങൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. വിഷയം സുപ്രീംകോടതി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് സമർപ്പിച്ച ഹർജിയിലായിരുന്നു നടപടി. സൈബർ കുറ്റകൃത്യങ്ങൾ തടയാനും വ്യാജവാർത്ത നിയന്ത്രിക്കുന്നതിനടക്കം ആധാറുമായുള്ള ബന്ധിപ്പിക്കല്‍  ഗുണകരമാകുമെന്നാണ് അന്ന് തമിഴ്നാട് സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയെ അറിയിച്ചത്.

എന്നാല്‍, ആധാറുമായി അക്കൗണ്ടുകൾ ബന്ധിപ്പിക്കാൻ ആവശ്യപ്പെടുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യക്കെതിരെ കേന്ദ്രസർക്കാർ മാർഗരേഖ കൊണ്ടുവരണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ‌്തുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം. സാമൂഹ്യ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ വിഷയമാണെന്ന് കോടതി അന്ന് അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തില്‍ സർക്കാരിന്റെ അടിയന്തര ഇടപെൽ വേണം. ഇതില്‍ സുപ്രീംകോടതിക്കോ ഹൈക്കോടതികള്‍ക്കോ എന്തെങ്കിലും ചെയ്യാനാവില്ല. നയപരമായ തീരുമാനങ്ങളെടുക്കേണ്ടതും നിയമമുണ്ടാക്കേണ്ടതുമൊക്കെ കേന്ദ്രസര്‍ക്കാരാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും അന്ന് കോടതി വ്യക്തമാക്കി. 

click me!