
ദില്ലി: സുപ്രീംകോടതിയുടെ സ്തംഭനാവസ്ഥക്കെതിരെ വിമർശനങ്ങൾ ശക്തമാകുന്നു. കൊവിഡുമായി ബന്ധപ്പെട്ട കേസുകൾക്കൊപ്പം പുതുതായി എത്തുന്ന ചുരുക്കം ചില കേസുകൾ മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നത്. അറുപതിനായിരം കേസുകളാണ് സുപ്രീംകോടതിയിൽ കെട്ടികിടക്കുന്നത്.
ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം കഴിഞ്ഞ നാല്പത് ദിവസത്തിനിടെ സുപ്രീംകോടതി പരിഗണിച്ചത് ആയിരത്തിൽ താഴെ കേസുകൾ മാത്രം. ഒരു മാസത്തിൽ ചുരുങ്ങിയത് അയ്യായിരത്തിലധികം കേസുകൾ കേട്ടിരുന്ന സ്ഥാനത്താണ് ഇത്. പ്രധാനപ്പെട്ട നിരവധി കേസുകളുടെ വാദം കേൾക്കലും തടസ്സപ്പെട്ടു.
സാങ്കേതിക വിദ്യയിൽ പരിചയം കുറവായതിനാൽ നിരവധി അഭിഭാഷകർക്ക് കേസുകൾ നൽകാനോ, വാദിക്കാനോ കഴിയുന്നില്ലെന്നാണ് ബാർ അസോസിയേഷൻറെ പരാതി. കൊവിഡ് കാലത്തെ സുപ്രീംകോടതിയുടെ പ്രവർത്തനം നിരാശപ്പെടുത്തുന്നു എന്ന വിമർശനവുമായി മുൻ ജഡ്ജി മദൻ ബി ലോക്കൂർ രംഗത്തെത്തിയത് ഇതേ ചൊല്ലിയുള്ള വിമർശനം കടുപ്പിച്ചിട്ടുണ്ട്.
അറുപതിനായിരത്തിലധികം കേസുകളാണ് സുപ്രീംകോടതിയിൽ കെട്ടികിടക്കുന്നുണ്ട്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.ഐ.ബോബ്ഡേ വ്യക്തമാക്കുന്നു. കോടതി നടപടികൾ ഏപ്പോൾ സാധാരണ നിലയിലാകുമെന്ന് ഇപ്പോഴും വ്യക്തതയില്ല. സാമൂഹ്യ അകലം പാലിച്ച് കോടതികൾ പ്രവർത്തിച്ചുതുടങ്ങണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി എല്ലാ കോടതികളും വീഡിയോ കോൺഫറൻസിംഗ് വഴി പ്രവർത്തിക്കാൻ കഴിയുമോ എന്നാണ് ഇപ്പോൾ
പരിശോധിക്കുന്നത്. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനാണ് ഇതിൻറെ ചുമതല നൽകിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam