ത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ പോലീസ് സ്റ്റേഷൻ ഭൂമിയിലാണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നതെന്ന് ആരോപിച്ച് അധികൃതർ രംഗത്തെത്തിയത് തർക്കത്തിന് കാരണമായി

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ പോലീസ് സ്റ്റേഷൻ ഭൂമിയിലാണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നതെന്ന് ആരോപിച്ച് അധികൃതർ രംഗത്തെത്തിയത് തർക്കത്തിന് കാരണമായി. മീററ്റ്-ബുലന്ദ്ഷഹർ റോഡിലുള്ള പോലീസ് സ്റ്റേഷന്‍റെ പരിധിയിലാണ് സംഭവം. ഈ മസ്ജിദ് തങ്ങളുടെ ഭൂമി കയ്യേറിയാണ് നിർമ്മിച്ചതെന്ന് പോലീസ് അവകാശപ്പെടുമ്പോൾ, ഇത് വഖഫ് ബോർഡിന്‍റെ കീഴിലുള്ള സ്വത്താണെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വിശദീകരണം. സംഭവത്തിൽ ഉടമസ്ഥാവകാശ രേഖകൾ ഹാജരാക്കാനും കയ്യേറ്റം ഒഴിപ്പിക്കാനും ആവശ്യപ്പെട്ട് മസ്ജിദിലെ ഇമാമിന് പോലീസ് ഏഴു ദിവസത്തെ നോട്ടീസ് നൽകി. റവന്യൂ വകുപ്പ് അടുത്തിടെ നടത്തിയ ഭൂമി അളന്നു തിട്ടപ്പെടുത്തലിലാണ് ഖാർഖോദ പോലീസ് സ്റ്റേഷൻ വളപ്പിലുള്ള ജമാ മസ്ജിദ് പോലീസ് സ്റ്റേഷന്‍റെ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വാതന്ത്ര്യത്തിന് മുൻപുള്ള കാലഘട്ടം മുതൽ നിലവിലുള്ളതാണ് ഖാർഖോദ പോലീസ് സ്റ്റേഷൻ. റവന്യൂ രേഖകൾ പ്രകാരം 6,450 ചതുരശ്ര മീറ്റർ ഭൂമി പതിറ്റാണ്ടുകളായി പോലീസ് സ്റ്റേഷന്‍റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഈ ഭൂമിയുടെ ഒരു ഭാഗം കയ്യേറിയാണ് പിന്നീട് പള്ളി പണിതതെന്നാണ് പോലീസിന്‍റെ ആരോപണം. പോലീസിന്‍റെ ആരോപണങ്ങൾ മസ്ജിദ് കമ്മിറ്റിയും ഇമാം അബ്ദുൾ ഗഫാറും പൂർണ്ണമായി തള്ളിക്കളയുകയാണ്. 1985 മുതൽ ഈ ഭൂമി വഖഫ് ബോർഡിന്‍റെ പേരിൽ രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും ഇതുമായി ബന്ധപ്പെട്ട കൃത്യമായ രേഖകൾ തങ്ങളുടെ കൈവശമുണ്ടെന്നും അവർ വ്യക്തമാക്കുന്നു. ഇതിനോടകം തന്നെ ഈ രേഖകളുടെ പകർപ്പ് പോലീസിന് സമർപ്പിച്ചിട്ടുണ്ടെന്നും മസ്ജിദ് മാനേജ്‌മെന്‍റ് അറിയിച്ചു.

നിയമപരമായ നടപടികളുടെ ഭാഗമായി, അനധികൃത നിർമ്മാണം എന്ന് ആരോപിക്കപ്പെടുന്ന ഭാഗം നീക്കം ചെയ്യാനും ബന്ധപ്പെട്ട ഉടമസ്ഥാവകാശ രേഖകൾ ഏഴു ദിവസത്തിനകം സമർപ്പിക്കാനും ആവശ്യപ്പെട്ട് ശനിയാഴ്ചയാണ് ഇമാമിന് നോട്ടീസ് നൽകിയതെന്ന് കിത്തോർ സർക്കിൾ ഓഫീസർ പ്രമോദ് കുമാർ സിംഗും ഖാർഖോദ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജ്പാൽ സിംഗും അറിയിച്ചു. മസ്ജിദിന് വർഷങ്ങളുടെ പഴക്കമുണ്ടെന്നും അടുത്തിടെ പോലീസ് സ്റ്റേഷന്‍റെ ഭൂമി അതിർത്തി തിരിച്ച് അളന്നപ്പോഴാണ് ഈ വിഷയം ശ്രദ്ധയിൽപ്പെട്ടതെന്നും അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (റൂറൽ) അഭിജീത് കുമാർ പറഞ്ഞു. റവന്യൂ രേഖകളും ഇരുവിഭാഗവും സമർപ്പിക്കുന്ന രേഖകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും ഭരണകൂടം തുടർനടപടികൾ സ്വീകരിക്കുക.