
ദില്ലി: ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനു നേരെയുണ്ടായ പൊലീസ് അതിക്രമം സംബന്ധിച്ച് ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി ഉത്തരവ്. ഉചിതമായ അന്വേഷണം ഹൈക്കോടതികള്‍ പരിഗണിക്കുമെന്ന് ഉറപ്പുണ്ട്. മുന്‍ സുപ്രീംകോടതി ജഡ്ജിമാരെ അന്വേഷണത്തിന് നിയോഗിക്കുന്നത് കോടതികള്‍ തീരുമാനിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. ജാമിയ മിലിയ, അലിഗഢ് സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പൊലീസ് അതിക്രമം സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണം. വിദ്യാര്‍ത്ഥികള്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കണം, അനുമതിയോടുകൂടി മാത്രമേ പൊലീസ് സര്‍വ്വകലാശാലകളില്‍ പ്രവേശിക്കൂ എന്ന അവസ്ഥയുണ്ടാകണം എന്നിവയായിരുന്നു ആവശ്യങ്ങള്‍.
ബന്ധപ്പെട്ട ഹൈക്കോടതികള്‍ ഈ കേസ് കേള്‍ക്കട്ടെ എന്നാണ് സുപ്രീംകോടതി പറഞ്ഞത്. സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും വാദങ്ങള്‍ ഹൈക്കോടതികള്‍ കേള്‍ക്കണം. അതിനു ശേഷം ഹൈക്കോടതികള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.
വിദ്യാർത്ഥികൾക്ക് നേരെ വലിയ അതിക്രമം നടന്നു എന്ന് ഹർജിക്കാരുടെ അഭിഭാഷകൻ മഹമൂദ് പ്രാച്ച പറഞ്ഞു. ഒരു വിദ്യാർത്ഥിയേയും അറസ്റ്റു ചെയ്തിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതിനെ ഖണ്ഡിച്ചുകൊണ്ട് പറഞ്ഞു. പരിക്കേറ്റ 67 വിദ്യാർത്ഥികൾക്ക് വൈദ്യസഹായം നല്കി. രണ്ടു പേർ മരിച്ചെന്ന് കിംവദന്തി പരത്തി. ഒരാളുടെ കൈപ്പത്തി തകർന്നത് ടിയർഗ്യാസ് ഷെൽ തിരിച്ചെറിയുമ്പോഴാണ്. ജാമിയ മിലിയ സര്‍വ്വകലാശാ പ്രോക്ടർ പോലീസ് സംരക്ഷണം രേഖാമൂലം ആവശ്യപ്പെട്ടെന്നും തുഷാർ മേത്ത പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam