
ദില്ലി: കൊവിഡ് കാലത്ത് ജീവൻ നഷ്ടമായ സ്വകാര്യ ക്ലിനിക്കുകളിലെയടക്കം ഡോക്‌ടമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തതിൽ ശക്തമായ നിരീക്ഷണവുമായി സുപ്രീം കോടതി. 'ഡോക്ടർമാരെ കരുതാതിരിക്കുകയും അവർക്ക് വേണ്ടി നിലകൊള്ളാതിരിക്കുകയും ചെയ്താൽ സമൂഹം നമുക്ക് മാപ്പ് തരില്ല,' - എന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചാണ് കേസിൽ വാദം കേട്ടത്.
സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ ലാഭത്തിനായി പ്രവർത്തിക്കുന്നവരെന്ന വാഗം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ആരോഗ്യപ്രവർത്തകരുടെ ആശ്രിതർക്ക് ഇൻഷുറൻസ് തുക ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകി. കമ്പനികൾക്ക് മേൽ സർക്കാർ സമ്മർദം ചെലുത്തണമെന്നും ആരോഗ്യപ്രവർത്തകരെല്ലാം മരിച്ചത് കൊവിഡിനെതിരായ പോരാട്ടത്തിലാണെന്ന കാര്യം വിസ്മരിക്കരുതെന്നും പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടി.
മരിച്ച ആരോഗ്യപ്രവർത്തകർ സർക്കാർ ജീവനക്കാരല്ലെന്ന കാരണം പറഞ്ഞ് ഇൻഷുറൻസ് നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രധാൻ മന്ത്രി ഇൻഷുറൻസ് സ്കീം പോലുള്ള മറ്റ് പദ്ധതികളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും സമർപ്പിക്കാൻ കേന്ദ്രസർക്കാരിന് നിർദേശവും നൽകി. ബോംബെ ഹൈക്കോടതി 2021 മാർച്ച് ഒൻപതിന് പുറപ്പെടുവിച്ച വിധിക്കെതിരെ പ്രദീപ് അറോറ എന്ന വ്യക്തിയടക്കം സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കുന്നതായിരുന്നു ഹൈക്കോടതി വിധി.
2020 ൽ കൊവിഡ് ബാധിച്ച് താനെയിലെ സ്വകാര്യ ക്ലിനിക് നടത്തിയിരുന്ന ഡോക്ടർ മരിച്ചിരുന്നു. ഇദ്ദേഹത്തിന് ഇൻഷുറൻസ് ലഭിക്കാതെ വന്നതോടെ ഭാര്യ കിരൺ ഭാസ്‌കർ സർഗഡെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രധാൻ മന്ത്രി ഗരീബ് കല്യാൺ പാക്കേജ് വഴിയുള്ള ഇൻഷുറൻസ് തുക ഇവർക്ക് ഇൻഷുറൻസ് കമ്പനി നിഷേധിച്ചിരുന്നു. കൊവിഡ് 19 നെ തുടർന്ന് മരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ കുടുംബങ്ങൾക്ക് ധനസഹായം ഉറപ്പാക്കാനുള്ള പദ്ധതി വഴി 50 ലക്ഷം രൂപയാണ് നൽകിയിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam