ഒരു കോടിയിലേറെ പേർക്ക് ആശ്വാസ വാർത്ത, കുറഞ്ഞ ശമ്പളം 37,440 രൂപയിലേക്ക് ഉയരുമോ; എട്ടാം ശമ്പള കമ്മീഷനിൽ നിർണായക തീരുമാനം

Published : Oct 28, 2025, 03:55 PM IST
Money

Synopsis

എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്റെ നിബന്ധനകൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇത് രാജ്യത്തെ 50 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാരുടെയും 69 ലക്ഷത്തോളം പെൻഷൻകാരുടെയും ശമ്പളത്തിലും ആനുകൂല്യങ്ങളിലും മാറ്റം വരുത്തും. 

ദില്ലി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആശ്വാസ വാർത്തയായി, എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്‍റെ ചുമതലകളുടെ നിബന്ധനകൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ രാജ്യത്തെ 50 ലക്ഷത്തോളം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെയും 69 ലക്ഷത്തോളം വരുന്ന പെൻഷൻകാരുടെയും ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും മാറ്റം വരും. മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്.

വിവിധ മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, ജോയിന്‍റ് കൺസൾട്ടേറ്റീവ് മെഷിനറിയിലെ സ്റ്റാഫ് പ്രതിനിധികൾ എന്നിവരുമായി വിപുലമായ ചർച്ചകൾ നടത്തിയ ശേഷമാണ് നിബന്ധനകൾ അന്തിമമാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. കമ്മീഷൻ രൂപീകരിച്ച് 18 മാസത്തിനകം ശുപാർശകൾ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്‍റെ ചെയര്‍മാൻ ജസ്റ്റിസ് രഞ്ജന ദേശായി ആണ്. പ്രൊഫ പുലോക് ഘോഷ് അംഗവും പങ്കജ് ജെയിൻ ഐഎഎസ് മെമ്പർ സെക്രട്ടറിയുമാണ്.

ശുപാർശകൾ 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നേക്കും

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും വിരമിച്ചവരുടെയും ശമ്പള ഘടന, അലവൻസുകൾ, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവ അവലോകനം ചെയ്യാനും മാറ്റങ്ങൾ ശുപാർശ ചെയ്യാനുമായി ജനുവരിയിൽ തന്നെ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. പരിഷ്കരിച്ച ശമ്പള സ്കെയിലുകൾ എപ്പോൾ നടപ്പാക്കുമെന്ന ചോദ്യത്തിന്, എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ നൽകി സർക്കാർ അംഗീകരിച്ച ശേഷം നടപടികൾ ആരംഭിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി നേരത്തെ വ്യക്തമാക്കിയിരുന്നു.

സാധാരണയായി, ഓരോ പത്ത് വർഷം കൂടുമ്പോഴാണ് സർക്കാർ ജീവനക്കാരുടെ വേതന ഘടന അവലോകനം ചെയ്യാൻ കേന്ദ്ര ശമ്പള കമ്മീഷനെ നിയമിക്കാറുള്ളത്. 2014 ഫെബ്രുവരിയിൽ രൂപീകരിച്ച ഏഴാം ശമ്പള കമ്മീഷന്‍റെ ശുപാർശകൾ 2016 ജനുവരി ഒന്ന് മുതലാണ് നടപ്പാക്കിയത്. ഈ പതിവ് അനുസരിച്ച്, എട്ടാം ശമ്പള കമ്മീഷന്‍റെ ശുപാർശകൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനിടെ, പണപ്പെരുപ്പത്തിന്‍റെ ആഘാതം ലഘൂകരിക്കുന്നതിനായി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഓരോ ആറ് മാസം കൂടുമ്പോഴും ക്ഷാമബത്ത പരിഷ്കരിച്ച് നൽകുന്നത് തുടരും. പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങൾ, പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ്, സംസ്ഥാന സർക്കാരുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന പങ്കാളികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് നിബന്ധനകൾ അന്തിമമാക്കിയതെന്ന് ജൂലൈയിൽ സർക്കാർ പാർലമെന്‍റിനെ അറിയിച്ചിരുന്നു.

പുതിയ ശമ്പള വർദ്ധനവ്

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും തീരുമാനിക്കാൻ ഉപയോഗിക്കുന്ന സുപ്രധാന മാനദണ്ഡമാണ് ഫിറ്റ്‌മെന്റ് ഘടകം (Fitment Factor). നിലവിൽ ഏഴാം ശമ്പള കമ്മീഷൻ പ്രകാരം കേന്ദ്ര ജീവനക്കാർക്ക് ലഭിക്കുന്ന കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയും പെൻഷൻകാർക്ക് ലഭിക്കുന്ന കുറഞ്ഞ അടിസ്ഥാന പെൻഷൻ 9,000 രൂപയുമാണ്. ഇതിന് പുറമെ 58 ശതമാനം ഡി എ/ഡി ആർ ലഭിക്കുന്നുണ്ട്. എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കുമ്പോൾ ഡി എ /ഡി ആർ പൂജ്യമായി പുനഃക്രമീകരിക്കപ്പെടും. ഫിറ്റ്‌മെന്‍റ് ഘടകം 1.92 ആയാൽ ജീവനക്കാർക്ക് ലഭിക്കുന്ന പുതിയ കുറഞ്ഞ അടിസ്ഥാന ശമ്പളം 34,560 രൂപയും പെൻഷൻകാർക്ക് ലഭിക്കുന്ന കുറഞ്ഞ അടിസ്ഥാന പെൻഷൻ 17,280 രൂപയുമാകും. ഫിറ്റ്‌മെന്‍റ് ഘടകം 2.08 ആയാൽ ജീവനക്കാർക്ക് ലഭിക്കുന്ന പുതിയ കുറഞ്ഞ അടിസ്ഥാന ശമ്പളം 37,440 രൂപയും പെൻഷൻകാർക്ക് ലഭിക്കുന്ന കുറഞ്ഞ അടിസ്ഥാന പെൻഷൻ 18,720 രൂപയുമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ, 'ചില ബം​ഗ്ലാദേശ് മാധ്യമങ്ങൾ നൽകുന്ന വാർത്ത അടിസ്ഥാനരഹിതം, സാഹചര്യം നിരീക്ഷിക്കുന്നു'
സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി