ബഫർ സോണില്‍ കേരളത്തിന് ആശ്വാസം; ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി

By Dhanesh RavindranFirst Published Jan 11, 2023, 2:30 PM IST
Highlights

പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച് കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനങ്ങളില്‍ ഉള്‍പ്പെടുന്ന മേഖലകളെ വിധിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്ന കേന്ദ്രത്തിന്‍റെ പ്രധാന ആവശ്യം. 


ദില്ലി:  ബഫർ സോൺ വിധിയിൽ കേരളത്തിന് ആശ്വാസ നീരീക്ഷണവുമായി സുപ്രീം കോടതി. ബഫർ സോണിൽ കരട് വിജ്ഞാപനമിറങ്ങിയ മേഖലകൾക്കും ഇളവ് നൽകുന്നത് പരിഗണിക്കാമെന്ന് ഇന്ന് കേസ് പരിഗണിക്കവേ സുപ്രീം കോടതി പറഞ്ഞു. വിധിയിൽ വ്യക്തത തേടി കേന്ദ്രവും കേരളവും കര്‍ഷക സംഘടനകളും അടക്കം നൽകിയ ഹർജികൾ തിങ്കളാഴ്ച്ച പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. 

പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച് കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനങ്ങളില്‍ ഉള്‍പ്പെടുന്ന മേഖലകളെ വിധിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്ന കേന്ദ്രത്തിന്‍റെ പ്രധാന ആവശ്യം. ഈ ഹർജിയിലാണ് കേരളവും കർഷക സംഘടനകളും കക്ഷി ചേരാൻ അപേക്ഷ നൽകിയത്.  വിധി കേരളത്തിലുണ്ടാക്കിയ പ്രതിസന്ധി ഹർജികൾ പരിഗണിച്ച ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സുപ്രീം കോടതിയുടെ പുതിയ നിരീക്ഷണം. 

 

17 പ്രദേശങ്ങളില്‍ ബഫർ സോണിനുള്ള കരട് വിജ്ഞാപനം നടന്നതായും അന്തിമ വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പാണ് സുപ്രീം കോടതി വിധിയുണ്ടായതെന്നും കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ഗീപ ഗുപത് കോടതിയെ അറിയിച്ചു. അന്തിമ വിജ്ഞാപനമായവയുടെ കാര്യത്തിൽ നേരത്തെ തന്നെ ഇളവ് നൽകിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ,  കരടിലും ഈ ഇളവ് വേണമെന്ന് കേന്ദ്രവും കേരളവും വ്യക്തമാക്കി. ഇതോടെയാണ് ഈക്കാര്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്. 

കേരളം ഉൾപ്പെടെ ഉന്നയിക്കുന്ന വിഷയങ്ങളെ പൊതുവായി പരിഗണിച്ച് സമഗ്ര സമീപനമാകും ഉചിതമെന്ന് അമിക്കസ് ക്യൂറി കെ പരമേശ്വർ ചൂണ്ടിക്കാട്ടി. ഇക്കാര്യം മൂന്നംഗ ബെഞ്ചിന് വിടേണ്ടതുണ്ടോയെന്നതും പരിഗണിക്കാമെന്ന് ജഡ്ജിമാരായ ബി ആർ  ഗവായ്, എം എം സുന്ദരേശ് എന്നിവർ വ്യക്തമാക്കി. തുടർന്ന് ഹർജികൾ തിങ്കളാഴ്ച്ച പരിഗണിക്കുന്നതിനായി കോടതി മാറ്റിവയ്ക്കുകയായിരുന്നു. ബഫര്‍ സോണ്‍ വിധി കേരളത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും ഒട്ടേറെ പേരെ ബാധിക്കുന്നതാണ് വിഷയമെന്നും പെരിയാർ പ്രൊട്ടക്ഷന്‍ വാലി മൂവ്മെന്‍റിന് വേണ്ടി ഹാജരായ അഭിഭാഷകൻ വി കെ ബിജു ചൂണ്ടിക്കാട്ടി. സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയ്ക്ക് പുറമെ സ്റ്റാന്‍റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും കേരളത്തിന് വേണ്ടി ഹാജരായി.കർഷക സംഘടനകൾക്ക് വേണ്ടി അഭിഭാഷകൻ വിൽസ് മാത്യൂസ് ഹാജരായി.

കൂടുതല്‍ വായനയ്ക്ക്: ബഫർ സോൺ : വ്യക്തത തേടി കേന്ദ്രം നൽകിയ ഹർജിയില്‍ കക്ഷി ചേരാൻ കേരളം അപേക്ഷ നൽകി
 

click me!