ചിദംബരത്തെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുത്; എന്‍ഫോഴ്സ്മെന്‍റിനോട് സുപ്രീംകോടതി

By Web TeamFirst Published Aug 23, 2019, 2:17 PM IST
Highlights

മതിയായ തെളിവ് ഉണ്ടെന്നും അറസ്റ്റ് തടയരുതെന്നുമുള്ള എൻഫോഴ്‌മെന്റ് ഡയറക്ട്രേറ്റിന്റെ വാദം തള്ളിയാണ് ചിദംബരത്തിന്  ഇടക്കാല പരിരക്ഷ നൽകിയത്. 
 

ദില്ലി: ഐഎൻഎക്സ് മീഡയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റിൽ നിന്ന് ചിദംബരത്തിന് സുപ്രീം കോടതിയുടെ ഇടക്കാല സംരക്ഷണം. തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് ആർ. ഭാനുമതി അധ്യക്ഷയായ ബഞ്ച് ഉത്തരവിട്ടു. മതിയായ തെളിവ് ഉണ്ടെന്നും അറസ്റ്റ് തടയരുതെന്നുമുള്ള എൻഫോഴ്‌മെന്റ് ഡയറക്ട്രേറ്റിന്റെ വാദം തള്ളിയാണ് ചിദംബരത്തിന്  ഇടക്കാല പരിരക്ഷ നൽകിയത്. 

അതേസമയം, സിബിഐ അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുള്ള ചിദംബരത്തിന്റെ ഹർജി 26ന് വീണ്ടും പരിഗണിക്കും. ഹർജി പരിഗണിക്കുന്നതിന് മുൻപ് അറസ്റ്റ് നടന്നതിനാൽ മൗലിക അവകാശ ലംഘനമാണെന്നാണ് ചിദംബരത്തിന്റെ അഭിഭാഷകൻ കോടതിയിൽ ചുണ്ടിക്കാണിച്ചത്.

അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ചിദംബരത്തെ വിട്ടു നൽകണമെന്ന സിബിഐ വാദം അംഗീകരിച്ച് ദില്ലി റോസ് അവന്യൂവിലുള്ള പ്രത്യേക സിബിഐ കോടതി അടുത്ത തിങ്കളാഴ്ച വരെ അദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. അഭിഭാഷകരുമായും കുടുംബാംഗങ്ങളുമായും സംസാരിക്കാനുള്ള അവകാശം പി ചിദംബരത്തിന് ഉണ്ടാകുമെന്നും കോടതി പറഞ്ഞു. ദിവസവും അരമണിക്കൂറാണ് സന്ദര്‍ശന അനുമതി. 

വിശദമായ വാദപ്രതിവാദങ്ങളാണ് സിബിഐ കോടതിയിൽ കഴിഞ്ഞ ദിവസം നടന്നത്. ഒരിടക്ക് സ്വന്തമായി ചില കാര്യങ്ങൾ പറയാനുണ്ടെന്ന് ചിദംബരം കോടതിയിൽ പറഞ്ഞു. സോളിസിറ്റര്‍ ജനറലിന്‍റെ എതിര്‍പ്പ് വകവയ്ക്കാതെ കോടതി സ്വന്തം വാദം ഉന്നയിക്കാൻ ചിദംബരത്തിന് അവസരവും നൽകി.

സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേസിൽ സിബിഐയ്ക്ക് വേണ്ടി ഹാജരായത്. ജാമ്യമില്ലാ വാറണ്ട് ചിദംബരത്തിന് മേൽ ചുമത്തിയിരുന്നതാണെന്നും ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നുവെന്നും എസ്‍ജി കോടതിയിൽ വാദിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. 
 

click me!