വാലൻ്റൈൻസ് ഡേ; ഹോട്ടലുകൾ ഹൗസ് ഫുൾ, മുറികൾ കിട്ടാനില്ല! ബുക്കിംഗിൽ 170% വർധന!
ഈ വര്‍ഷത്തെ പ്രണയദിനം അടുത്തിരിക്കുകയാണ്. ഇന്ന് സമ്മാനങ്ങൾ നൽകുന്നതിന് പകരം ഒരുമിച്ച് യാത്ര ചെയ്യാനാണ് പങ്കാളികൾക്ക് കൂടുതൽ താൽപ്പര്യം. കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ ഹോട്ടൽ, റിസോർട്ട് ബുക്കിംഗുകൾ ഇരട്ടിയായി വർധിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പ്രണയദിനം
ഫെബ്രുവരി 14 ലോകവ്യാപകമായി പ്രണയദിനമായി ആഘോഷിക്കുന്നു. കമിതാക്കൾ മാത്രമല്ല, വിവാഹിതരായ ദമ്പതികളും ഈ ദിവസം യാത്രകൾ പോകുന്നു. അതുകൊണ്ട് തന്നെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമെല്ലാം ഈ ദിവസം വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്.
ബുക്കിംഗ് ഇരട്ടിയായി
കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ പ്രണയദിനത്തിൽ ഹോട്ടൽ ബുക്കിംഗ് കുതിച്ചുയർന്നു. ട്രാവൽ ആപ്പുകൾ പറയുന്നത് ബുക്കിംഗ് ഇരട്ടിയായി എന്നാണ്. മുൻപ് സമ്മാനം കൊടുക്കുന്നതിലും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിലും സിനിമ കാണുന്നതിലും ഒതുങ്ങിയിരുന്ന ആഘോഷം ഇപ്പോൾ യാത്രകളിലേയ്ക്ക് വഴി മാറിയിരിക്കുകയാണ്.
യാത്രകളോടുള്ള താൽപര്യം കൂടുന്നു
ഗുവാഹത്തി, കൊളംബോ പോലെയുള്ള സ്ഥലങ്ങളിലെ ഹോട്ടൽ റൂം ബുക്കിംഗിൽ വലിയ വർധനയുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യക്കാർ അടുത്തുള്ളതും ചെലവ് കുറഞ്ഞതുമായ വിദേശ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് ദമ്പതികൾക്കിടയിൽ അന്താരാഷ്ട്ര യാത്രയോടുള്ള താൽപര്യം കൂടിയതായി ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു.
റിസോർട്ടുകൾക്കും ആവശ്യക്കാരേറെ
ഓയോ പോലെയുള്ള ഹോട്ടലുകൾക്ക് പുറമെ റിസോർട്ടുകൾക്കും ആവശ്യക്കാർ കൂടി. പച്ചപ്പും പുഴയും മലനിരകളും കടൽത്തീരവുമുള്ള റിസോർട്ടുകളിലും ഹോംസ്റ്റേകളിലുമാണ് ബുക്കിംഗ് കുതിക്കുന്നത്. ഈ ഒരു ദിവസത്തിനായി കൂടുതൽ പണം മുടക്കാൻ പങ്കാളികൾ തയ്യാറാണ്. ചിലർ ബുക്ക് ചെയ്യുമ്പോൾ തന്നെ പ്രത്യേക സൗകര്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്, ഇതിനായി അധികം പണം നൽകാനും മടിക്കുന്നില്ല.
ശാന്തമായൊരിടത്ത് വിശ്രമിക്കുന്ന ട്രെൻഡ്
ശാന്തമായ അന്തരീക്ഷത്തിൽ വിശ്രമിക്കുന്ന ട്രെൻഡ് ഇപ്പോൾ കൂടുകയാണ്. ഇത്തരം സ്ഥലങ്ങൾക്കായി പങ്കാളികൾ ഗൂഗിളിൽ തിരയുന്നു. ഹോട്ടൽ മാനേജർമാരുടെ അഭിപ്രായത്തിൽ, റൂം അലങ്കാരം, പ്രൈവറ്റ് ഡിന്നർ, കാട്ടിലൊരു അത്താഴം, റോസാദളങ്ങൾ വിതറിയ ബാത്ത്, കാൻഡിൽ ലൈറ്റ് ഡിന്നർ സെറ്റപ്പ് തുടങ്ങിയ പ്രീമിയം സൗകര്യങ്ങളാണ് പലരും ആവശ്യപ്പെടുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ഇവർ ചെലവഴിക്കുന്ന തുകയും കൂടി. മുൻപ് വിരളമായിരുന്ന ഇത്തരം ആവശ്യങ്ങൾ ഇപ്പോൾ സാധാരണമായിക്കൊണ്ടിരിക്കുന്നു.
ഹോട്ടൽ വ്യവസായം
പ്രണയദിനം ഹോട്ടൽ വ്യവസായത്തിലെ കച്ചവടം കൂട്ടി. ഇത് ഹോട്ടൽ, റിസോർട്ട് ഉടമകൾക്കും പ്രാദേശിക കച്ചവടക്കാർക്കും വരുമാനം വർധിപ്പിക്കും. യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ ഇന്ത്യയിലെ ട്രാവൽ വ്യവസായവും വളരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam