രാജ്യദ്രോഹ കേസിൽ ശശി തരൂരിന്റെയും മാധ്യമപ്രവർത്തകരുടെയും അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

By Web TeamFirst Published Feb 9, 2021, 1:06 PM IST
Highlights

ശശിതരൂർ , രാജ്‌ദീപ് സർദേശായി, വിനോദ് കെ ജോസ് എന്നിവരുടെ അറസ്റ്റാണ് സുപ്രീംകോടി തടഞ്ഞത്

ദില്ലി: രാജ്യദ്രോഹ കേസിനെതിരെ ശശി തരൂരും മാധ്യമ പ്രവർത്തകരും നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ ഇടപെടൽ. തരൂരടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞു. കേസുമായി ബന്ധപ്പെട്ട് യുപി പൊലീസിനും ദില്ലി പൊലീസിനും നോട്ടീസയച്ചു. നോട്ടീസിൽ രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകണം. ശശിതരൂർ , രാജ്‌ദീപ് സർദേശായി, വിനോദ് കെ ജോസ് എന്നിവരുടെ അറസ്റ്റാണ് സുപ്രീംകോടി തടഞ്ഞത്. പൊലീസ് സേനകൾക്ക് പുറമെ കേന്ദ്രസർക്കാരിനോടും അഞ്ച് സംസ്ഥാനങ്ങളോടും സുപ്രീം കോടതി വിശദീകരണം തേടിയിട്ടുണ്ട്.

അര്‍ണാബ് ഗോസ്വാമി കേസിലെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, മാധ്യമ പ്രവര്‍ത്തകരായ രാജ് ദീപ് സര്‍ദ്ദേശായി, വിനോദ് കെ ജോസ് ഉൾപ്പടെയുള്ളവരെ രാജ്യദ്രോഹ കേസിൽ അറസ്റ്റ് ചെയ്യുന്നത് സുപ്രീംകോടതി തടഞ്ഞത്. വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റര്‍ ചെയ്ത കേസുകളിൽ അറസ്റ്റിനായി ശശി തരൂരിന്‍റെയും മാധ്യമ പ്രവര്‍ത്തകരുടെയും വീടുകളിൽ പൊലീസ് എത്തുകയാണെന്ന് കപിൽ സിബൽ വാദിച്ചു. അര്‍ണാബ് ഗോസ്വാമിക്ക് ജാമ്യം നൽകിയതും കപിൽ സിബൽ ചൂണ്ടിക്കാട്ടി. തരൂരിനെയും മാധ്യമ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യാൻ ഉദ്ദേശമുണ്ടോ എന്ന ചീഫ് ജസ്റ്റിസിന്‍റെ ചോദ്യത്തിന് ട്വീറ്റുകൾ വലിയ പ്രത്യാഘാതം ഉണ്ടാക്കി എന്നായിരുന്നു ദില്ലി പൊലീസിന്‍റെ മറുപടി.

അറസ്റ്റ് തടഞ്ഞ കോടതി കേന്ദ്ര സര്‍ക്കാരിനും കേസുകൾ രജിസ്റ്റര്‍ ചെയ്ത യു.പി, മധ്യപ്രദേശ് സര്‍ക്കാരുകൾക്കും നോട്ടീസ് അയച്ചു. രണ്ടാഴ്ചക്ക് ശേഷം കേസിൽ വാദം കേൾക്കും. റിപ്പബ്ളിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ഒരു കര്‍ഷകൻ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു എന്നായിരുന്നു വിവാദ ട്വീറ്റ്. ഇതിനെതിരെ ദില്ലി സ്വദേശി നൽകിയ പരാതിയിൽ ആദ്യം യു.പി പൊലീസും പിന്നീട് മധ്യപ്രദേശിലും രാജ്യദ്രോഹം, മതവികാരം വൃണപ്പെടുത്തൽ, സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകളും ചുമത്തി കേസുകൾ രജിസ്റ്റര്‍ ചെയ്തത്. രാജ്യദ്രോഹമോ, സാമുദായിക സൗഹൃദം തകര്‍ക്കലോ  ഉണ്ടായിട്ടില്ലെന്നും ട്വീറ്റുകളിലെ പിഴവ് പിന്നീട് തിരുത്തിയെന്നും കപിൽ സിബലും വിനോദ് കെ ജോസിന് വേണ്ടി മുകുൾ റോത്തഖിയും വാദിച്ചു.

click me!