
അഹമ്മദാബാദ്: പബ്ജി ഗെയിം നിരോധനത്തിന് പിന്നാലെ ഗുജറാത്തിലെ സൂറത്തില്‍ പൊതുസ്ഥലങ്ങളില്‍ ജന്മദിനാഘോഷം നിരോധിച്ച് പൊലീസ്. ജന്മദിനാഘോഷത്തിനിടെ നിരവധിയാളുകള്‍ക്ക് ആക്രമണമേല്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടിയെന്ന് പൊലീസ് വിശദീകരിച്ചു. മെയ് 13 മുതല്‍ ജൂലൈ 12 വരെയാണ് നിരോധനം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ജന്മദിനാഘോഷത്തിനിടെ അപകടമേല്‍ക്കുന്നുവെന്ന് നിരവധി പേരാണ് പരാതിപ്പെട്ടത്. ദുമാസ് റോഡിലും ചില പാലങ്ങളില്‍വച്ചും ജന്മദിനാഘോഷം നടത്തുന്നത് പതിവാണ്. അപരിചിതരുടെ മുഖത്ത് കേക്ക് തേക്കുന്നതും രാസവസ്തുക്കള്‍ അടങ്ങിയ വസ്തുക്കള്‍ വിതറുകയും ചെയ്യുന്നു. നിരവധിയാളുകളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ചിലര്‍ ആഘോഷങ്ങളുടെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നുമുണ്ട്. അതുകൊണ്ടാണ് പൊതുസ്ഥലത്തെ ജന്മദിനാഘോഷം താല്‍ക്കാലികമായി നിരോധിച്ചത്.-അസി. പൊലീസ് കമ്മീഷണര്‍ പിഎല്‍ ചൗധരി മാധ്യമങ്ങളെ അറിയിച്ചു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ജന്മദിനാഘോഷത്തിന്‍റെ പേരില്‍ സ്കൂള്‍, കൊളേജ് വിദ്യാര്‍ത്ഥികള്‍ പൊതുമുതല്‍ നശിപ്പിക്കുന്നുവെന്ന് ചിലര്‍ പരാതിപ്പെട്ടിരുന്നു. ജന്മദിനാഘോഷം നിരോധിച്ച് സൂറത്ത് പൊലീസ് പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ വ്യാപക വിമര്‍ശമുയര്‍ന്നു. സാമൂഹ്യമാധ്യമങ്ങളിലും പൊലീസിനെതിരെ എതിര്‍പ്പുയരുകയാണ്. മാര്‍ച്ചില്‍ മൊബൈല്‍ ഗെയിമായ പബ്ജി കളിച്ച നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും നിരവധി ജില്ലകളില്‍ പബ്ജി നിരോധിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam