
ഇന്ത്യൻ ഗവണ്മെന്റിന്റെ പരമോന്നത സിവിലിയൻ പുരസ്‌കാരമാണ് ഭാരത് രത്ന. ടിബറ്റിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിൽ അഭയം തേടി കഴിഞ്ഞ ആറു പതിറ്റാണ്ടു കാലമായി ഇവിടെ കഴിയുന്ന ടിബറ്റൻ ബുദ്ധമതക്കാരുടെ ആത്മീയാചാര്യൻ ദലൈ ലാമയ്ക്ക് ഭാരത് രത്ന നൽകുന്നതിനെ അനുകൂലിച്ചു കൊണ്ട് കഴിഞ്ഞ ദിവസം നടന്ന ഒരു സർവേയിൽ വോട്ടു ചെയ്തത് 62 ശതമാനം പേർ. 'IANS സി വോട്ടർ ടിബറ്റ് പോൾ' എന്ന സർവേയിലാണ് ഇത്തരത്തിൽ ഒരു ഫലം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ താമസിക്കുന്ന 3000 പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ സർവേ നടത്തപ്പെട്ടത്. ഇതിലാണ് പകുതിയിലേറെപ്പേരും ദലൈ ലാമയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. മനുഷ്യ ജീവിതത്തിന്റെ ഏതെങ്കിലും മേഖലയിൽ നടത്തപ്പെടുന്ന ശ്ലാഘനീയമായ മഹദ്പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് ഭാരത് രത്ന നല്കിപ്പോരുന്നത്.
ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി വേട്ടയാടാൻ തുടങ്ങിയ ശേഷം 1959 -ലാണ് പ്രാണരക്ഷാർത്ഥം ദലൈ ലാമ ഇന്ത്യൻ മണ്ണിലേക്ക് പലായനം ചെയ്തെത്തുന്നത്. അന്നുതൊട്ട് തന്നെ ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റിനു പരമാധികാരം നൽകണം എന്ന ആവശ്യമുന്നയിക്കുകയാണ് ലാമ ചെയ്തുപോന്നിട്ടുള്ളത്.
ദലൈ ലാമയ്ക്ക് ഭാരത് രത്ന നൽകണം എന്ന ആവശ്യം കുറേക്കാലമായി ഉയരുന്നുണ്ട് എങ്കിലും, കഴിഞ്ഞ വർഷം അതിർത്തിയിൽ ചൈനയുമായുണ്ടായ സംഘർഷങ്ങൾക്ക് ശേഷം ഈ ആവശ്യത്തിന് വീണ്ടും കാറ്റു പിടിച്ചിരിക്കുകയാണ്. സർവേയിൽ പങ്കെടുത്ത പുരുഷന്മാരിൽ 63.1 ശതമാനം പേരും സ്ത്രീകളിൽ 61.8 ശതമാനം പേരും ഈ തീരുമാനത്തോട് യോജിക്കുന്നുണ്ട് എന്നാണ് സർവേ കണ്ടെത്തിയിരിക്കുന്നത്.
1954 മുതൽക്കാണ് രാഷ്ട്രം ഭാരത് രത്ന പുരസ്‌കാരങ്ങൾ നല്കിത്തുടങ്ങുന്നത്. പുരസ്‌കാരത്തിന് അർഹതയുണ്ടെന്ന് കരുതുന്നവരെ പ്രധാനമന്ത്രി പ്രസിഡന്റിന് നാമനിർദേശം ചെയ്യുകയാണ് പതിവ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam