
ദില്ലി: മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം നടത്തി വിവാദത്തിലായ ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് നല്‍കി. ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നുപൂര്‍ ശര്‍മ നല്‍കിയ അപക്ഷയില്‍ ദില്ലി പൊലീസാണ് തോക്ക് ലൈസന്‍സ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഒരു ചാനല്‍ സംവാദത്തിനിടെയാണ് നുപൂര്‍ ശര്‍മ വിവാദ പരാമര്‍ശം നടത്തിയത്.
ബിജെപി മുൻ വക്താവ് നുപുർ ശർമയെ വധിക്കാൻ പാക്കിസ്ഥാനിൽ നിന്നെത്തിയ ഭീകരൻ പിടിയിലായിരുന്നു. പാകിസ്ഥാനിലെ പഞ്ചാബിൽ നിന്നെത്തിയ ആൾ രാജസ്ഥാനിൽ പിടിയിലായതായി നുപുർ ശർമയുടെ അഭിഭാഷകനാണ് സുപ്രീംകോടതിയെ അറിയിച്ചത്. അതിർത്തിയിലെ ഹിന്ദുമൽക്കോട്ട് ഔട്ട്പോസ്റ്റിന് സമീപത്ത് നിന്നായിരുന്നു ഇയാൾ പിടിയിലായതെന്ന് ബിഎസ്എഫിലെ മുതിർന്ന ഉദ്യോഗസ്ഥനിൽ നിന്ന് വിവരം കിട്ടിയതായാണ് കോടതിയെ അറിയിച്ചത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ദി ബഹോദ്ദീൻ സ്വദേശിയായ റിസ്വാൻ അഷ്‍റഫാണ് പിടിയിലായത്.
പ്രാഥമിക ചോദ്യം ചെയ്യലിൽ നപുർ ശർമയെ വധിക്കാനാണ് എത്തിയതെന്ന് ഇയാൾ മൊഴി നൽകിയതായും അഭിഭാഷകൻ അറിയിച്ചു. റിസ്വാന്റെ കൈവശം കത്തിയും മത ഗ്രന്ഥങ്ങളും ഉണ്ടായിരുന്നു. അജ്മീർ ദർഗ സന്ദർശിച്ച ശേഷം നുപുർ ശർമയെ വധിക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്നും അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇത്തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലടക്കം നിരവധി ഭീഷണി സന്ദേശങ്ങളായിരുന്നു നുപുറിനെ തേടിയെത്തിയത്.
എന്താണ് കാൺപൂർ സംഘർഷത്തിലേക്ക് നയിച്ച ആ പ്രസ്താവന
മെയ് 28ന് ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചർച്ചയിൽ, ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ, ആളുകൾ എന്നിവ പരിഹാസ പാത്രമാണെന്ന് നുപുർ പറഞ്ഞതായാണ് റിപ്പോർട്ട്. അതേസമയം മുസ്ലിംകൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന 'ശിവലിംഗം' ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവർ പറയുന്നതെന്നും നുപുർ ആരോപിച്ചു.
നുപുറിന്റെ വിശദീകരണം ഇങ്ങനെ
ശിവദേവനെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഞാൻ കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. അതിനിടെ തമാശയാക്കുന്ന തരത്തിൽ ശിവലിംഗം ജലധാരയ്ക്കുള്ള സ്തൂപമാണെന്ന് പറഞ്ഞു. റോഡരികുകളിലെ മുന്നറിയിപ്പും സൈനുകളുമായും ശിവലിങ്കത്തെ താരതമ്യം ചെയ്തു. ശിവദേവനെ തുടർച്ചയായി അപമാനിക്കുന്നത് എനിക്ക് സഹിക്കാൻ സാധിച്ചില്ല. അങ്ങനെയാണ് ചില കാര്യങ്ങൾ എനിക്ക് പറയേണ്ടിവന്നത്. എന്നാൽ എന്റെ വാക്കുകൾ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുകയോ, മതവികാരം വ്രണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ എന്റെ പരാമർശം നിരുപാധികം പിൻവലിക്കുകയാണ്. ആരുടെയും മതവികാരം വ്രണപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല - അവർ ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam