
ദില്ലി : സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗികാതിക്രമ കേസിൽ ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. ചൈതന്യാനന്ദയെയും പിടിയിലായ രണ്ട് വനിത കൂട്ടാളികളെയും സ്ഥാപനത്തിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. ഇവർ സ്ഥാപനത്തിലെ മുൻ ജീവനക്കാരാണെന്നാണ് സൂചന. ഇന്ന് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ നിന്നും നിരവധി സിഡികളും കണ്ടെടുത്തു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ, എന്നിവർക്കൊപ്പമുള്ള സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ വ്യാജ ഫോട്ടോകളും പിടിച്ചെടുത്തു. തെളിവെടുപ്പിന്റെ ഭാഗമായി അന്വേഷണസംഘം പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന ഭാഗേശ്വർ അൽമോറ എന്നിവിടങ്ങളിലും പരിശോധന നടത്തി.
ചൈതന്യാനന്ദ സരസ്വതിയുടെ ഫോണിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെത്തി. ആശ്രമത്തിലെ വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ള യുവതികളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഇയാളുടെ ഫോണിൽ സൂക്ഷിച്ചിരുന്നതായാണ് ഫോൺ പരിശോധിച്ച പൊലീസ് കണ്ടെത്തിയത്. ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലെ ഡയറക്ടർ ആയിരുന്ന സമയത്ത് നിരവധി പെൺകുട്ടികളെ ഇയാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. 17 പെൺകുട്ടികൾ ഇയാൾക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. ആശ്രമത്തിലെ വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തി രാത്രികാലങ്ങളിൽ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്താനും വിദേശയാത്രകൾക്ക് നിർബന്ധിക്കാനും ഇയാൾ ശ്രമിച്ചിരുന്നതായാണ് പൊലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നു. വനിതാ ഹോസ്റ്റലിൽ രഹസ്യ കാമറകൾ സ്ഥാപിച്ചതായും സിസിടിവി ദൃശ്യങ്ങൾ മൊബൈൽ വഴി നിരീക്ഷിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നിലവിൽ, ഇയാളെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ആഗ്രയിൽ നിന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam