
ബിലാസ്പുര്‍: പീഡനപരാതിയില്‍ അറസ്റ്റിലായ ടെക്കി യുവാവ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഛത്തീസ്ഗഡിലെ ബിലാസ്പൂർ സ്വദേശിയായ ഗൗരവ് സാവാനി(29)യാണ് ആത്മഹത്യ ചെയ്തത്. പെണ്‍സുഹൃത്ത് നല്‍കിയ പീഡന പരാതിയിൽ റിമാൻഡിലായ യുവാവ് ഗൗരവ് 15 ദിവസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. കടുത്ത മാനസിക പ്രശ്നത്തിലായിരുന്ന യുവാവ് കഴിഞ്ഞ ദിവസമാണ് ഉസലാപുരിലെ റെയില്‍വേ ട്രാക്കിൽ ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്.
പ്രണയത്തിന്‍റെ കാര്യത്തിൽ താന്‍ വഞ്ചിക്കപ്പെട്ടെന്ന് പറയുന്ന യുവാവിന്റെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. നോയിഡയില്‍ ഒരു ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് പെൺസുഹൃത്തിന്‍റെ പരാതിയിൽ ഗൗരവ് പീഡനക്കേസിൽ ജയിലിലാകുന്നത്. ഒരു മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി ഗൗരവ് 29 കാരിയുമായി പരിചയപ്പെടുകയും പിന്നീട് അടുപ്പത്തിലാകുകയുമായിരുന്നു. എന്നാൽ പിന്നീട് ഇതേ യുവതി ഗൗരവിനെതിരെ പീഡന പരാതി നൽകുകയായിരുന്നു.
ജയിലിൽ നിന്നിറങ്ങിയ യുവാവ് കടുത്ത മനസികപ്രയാസം അനുഭവിച്ചിരുന്നതായാണ് കുടുംബം പറയുന്നത്. ഗൗരവ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. അധികമാരോടും സംസാരിക്കാതെ യുവാവ് സുഹൃത്തുക്കളോടും അയല്‍ക്കാരോടുമെല്ലാം മൗനം പാലിക്കുകയും, എല്ലാവരില്‍ നിന്നും അകലുകയുംചെയ്തു. ഇതിനു പിന്നാലെയാണ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)