
പ്രമുഖ ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭാര്യ ഗരിമ രംഗത്തെത്തി. കപ്പൽ യാത്രയെപ്പറ്റി സുബീൻ തന്നോട് പറഞ്ഞിട്ടില്ലെന്ന് ഗരിമ വ്യക്തമാക്കി. മരണം സംഭവിക്കുമ്പോൾ കപ്പലിൽ ഉണ്ടായിരുന്നവരെ സംശയമുണ്ടെന്നും ഗരിമ മാധ്യമങ്ങളോട് പറഞ്ഞു.
സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് മാനേജറും സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകനും അറസ്റ്റിലായിട്ടുണ്ട്. സുബീൻ ഗാർഗിന്റ മരണത്തിൽ ആദ്യമേ സംശയനിഴലിലുള്ള രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാൾ വർഷങ്ങളായി സുബീന്റെ മാനേജറായി പ്രവർത്തിക്കുന്ന സിദ്ധാർത്ഥ ശർമ്മയാണ് പിടിയിലായ ഒരാൾ. ഗുരുഗ്രാമിൽ നിന്നാണ് സിദ്ധാർത്ഥ് പിടിയിലാകുന്നത്. ഇയാളിൽ നിന്ന് സുബിന്റെ മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു. സിംഗപ്പൂരിൽ കഴിയുകയായിരുന്ന സുബീന്റെ പരിപാടിയുടെ സംഘാടകൻ ശ്യാംകാനു മഹന്തയെ ദില്ലി വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ഇന്ന് ഗുവാഹത്തിയിൽ എത്തിച്ചു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇവരുടെ വീടുകളിൽ അന്വേഷണ സംഘം നേരത്തെ പരിശോധന നടത്തിയിരുന്നു.
അസം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ടുപേർ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി സിംഗപ്പൂരിൽ തുടരുകയാണ്. കഴിഞ്ഞമാസം 19നാണ് സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെ ഗായകൻ സുബീൻ ഗാർഗ് മരിച്ചത്.