
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക പരസ്യവിചാരണ വൈകീട്ട് നാല് മണിക്ക് നടക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടക്കുന്ന ചടങ്ങില്‍ ഗ്യാനേഷ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി പ്രഖ്യാപിക്കും. പാര്‍ലമെന്‍റിനെ അപമാനിക്കുന്ന നടപടിയാണെന്ന് ബിജെപി പ്രതികരിച്ചു.
രാജാജി മാര്‍ഗിലെ പത്താം നമ്പര്‍ വസതിയില്‍ പ്രതീകാത്മക പരസ്യ വിചാരണക്ക് വേദിയൊരുങ്ങുകയാണ്. ദില്ലിയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ ഒരുക്കങ്ങളെ ബാധിച്ചിട്ടുണ്ട്. മൂന്നരക്ക് നടപടി തുടങ്ങാനാണ് നിലവിലെ ആലോചന. മുന്‍ സ്പീക്കര്‍ മീരാ കുമാര്‍ അധ്യക്ഷയാകുന്ന ചടങ്ങില്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന പ്രമേയം മല്ലികാര്‍ജുന്‍ ഖര്‍ഗെ അവതരിപ്പിക്കും. മുപ്പത് പേരാണ് സംസാരിക്കുക. 21 പേര്‍ വിവിധ കക്ഷികളില്‍ നിന്നുളളവരായിരിക്കും. വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിന്‍റെ ഇരകളായി അവതരിപ്പിക്കുന്ന നാല് പേര്‍ അവരുടെ അനുഭവം പങ്കുവയ്ക്കും. യോഗേന്ദ്ര യാദവടക്കം പൗരവകാശ പ്രവര്‍ത്തകരും സംസാരിക്കും. 7മണിയോടെ പരിപാടി അവസാനിപ്പിക്കാനാണ് ആലോചന. രാഹുല്‍ ഗാന്ധിയാകും മറുപടി നല്‍കുക. പരിപാടിയുടെ അവസാനം ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി പ്രഖ്യാപിക്കും. നാനൂറ് പേരെ ചടങ്ങിലേക്ക് പ്രതീക്ഷിക്കുന്നുണ്ട്. നടപടി സര്‍ക്കാരിനുള്ള ശക്തമായ താക്കീതാണെന്നും, പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടെങ്കില്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തെരഞ്ഞെടുപ്പ് നടത്തട്ടേയെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു.
ഇന്ത്യാ സഖ്യത്തിലെ പ്രധാന നേതാക്കളായ അഖിലേഷ് യാദവ്, മമത ബാനർജി തുടങ്ങിയവര്‍ ഞായറാഴ്ചത്തെ റാലിക്കാകും ദില്ലിയിലെത്തുക. പ്രതീകാത്മക പരസ്യ വിചാരണക്ക് പിന്നാലെ രാംലീല റാലിക്കുള്ള ഒരുക്കങ്ങളിലേക്ക് ഇന്ത്യാ സഖ്യം കടക്കും. അതേ സമയം പ്രതീകാത്മക പരസ്യവിചാരണയെ ബിജെപി ചോദ്യം ചെയ്തു. പാര്‍ലമെന്‍റിനെ അപമാനിക്കുന്ന നടപടിക്ക് നേതൃത്വം നല്‍കുന്നത് രണ്ട് പ്രതിപക്ഷ നേതാക്കളാണെന്നത് ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്ന നടപടിയാണ്. ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കേ ഇപ്പോഴത്തെ നടപടി കോടതിയോടുള്ള വെല്ലുവിളിയാണെന്നും ബിജെപി വക്താവ് സുധാംശു ത്രിവേദി എംപി വിമര്‍ശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam