തബ്രിസ് അന്‍സാരി മരിച്ചത് ഹൃദയ സ്തംഭനം കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; പ്രതികള്‍ക്കെതിരെ കൊലക്കുറ്റമില്ല

By Web TeamFirst Published Sep 10, 2019, 8:45 AM IST
Highlights

ജൂണ്‍ 18നാണ് 24കാനായ തബ്രിസ് അന്‍സാരി ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് കൊല്ലപ്പെടുന്നത്. ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് പിടികൂടിയ സംഘം നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

റാഞ്ചി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ തബ്രിസ് അന്‍സാരിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ഹൃദയസ്തംഭനമാണെന്നതിനാല്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താനാകില്ലെന്ന് പൊലീസ്. പൊലീസ് കുറ്റപത്രത്തിനെതിരെ നേരത്തെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. കേസിലെ 12ാം പ്രതിയെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

കൊലക്കുറ്റം നിലനില്‍ക്കുന്ന തെളിവുകള്‍ ഇല്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് മരണകാരണം ഹൃദയ സ്തംഭനമാണെന്നാണ്. അതുകൊണ്ട് തന്നെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നതെന്നാണ് പൊലീസ് വിശദീകരണം. അന്‍സാരിയുടെ മൃതദേഹം രണ്ട് തവണ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്നും രണ്ട് റിപ്പോര്‍ട്ടിലും ഒരേകാര്യമാണ് പറയുന്നതെന്നും സീനിയര്‍ പൊലീസ് ഓഫിസര്‍ എസ് കാര്‍ത്തിക് എൻഡിടിവിയോട് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ഉന്നത നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവരുടെ ഉപദേശവും കൊലക്കുറ്റം ചുമത്തിയാല്‍ നിലനില്‍ക്കില്ലെന്നായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

ജൂണ്‍ 18നാണ് 24കാനായ തബ്രിസ് അന്‍സാരി ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് കൊല്ലപ്പെടുന്നത്. ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് പിടികൂടിയ സംഘം നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. കേസില്‍ പൊലീസും ഡോക്ടര്‍മാരും അലംഭാവം കാട്ടിയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 12 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

click me!