
ചണ്ഡീഗഢ്: തജിന്ദർ ബഗ്ഗയ്ക്കെതിരായ പഞ്ചാബ് സർക്കാരിന്‍റെ നടപടികൾ പാതിരാത്രിയിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറുന്നു. തജിന്ദർ ബഗ്ഗയ്ക്കെതിരെ രാത്രി പഞ്ചാബ് സർക്കാരിന്‍റെ ആവശ്യ പ്രകാരം മൊഹാലി കോടതി വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ രാത്രി നിയമപോരാട്ടം ഹൈക്കോടതിയിലേക്ക് നീങ്ങി. അറസ്റ്റ് വാറണ്ടിനെതിരെ തജിന്ദർ ബഗ്ഗ രാത്രി തന്നെ പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടി. ഇതോടെ വിഷയം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ വിമർശനമാക്കി ബി ജെ പി മാറ്റിയിട്ടുണ്ട്.
തജിന്ദർ ബഗ്ഗയുടെ ഹർജി രാത്രി തന്നെ പഞ്ചാബ് ഹരിയാന ഹൈക്കോടതി പരിഗണിക്കുകയായിരുന്നു. ജസ്റ്റിസ് അനൂപ് ചിറ്റ്ക്കാര വസതിയിലാണ് വാദം കേട്ടത്. ബിജെപി നേതാവിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് മൊഹാലി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വാദം കേട്ട ശേഷം ഹൈക്കോടതി അറസ്റ്റിന് താത്കാലിക വിലക്കേർപ്പെടുത്തി. മെയ് പത്ത് വരെ തജീന്ദർ ബഗ്ഗയെ അറസ്റ്റ് ചെയ്യുന്നതിനാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തിയത്. ബഗ്ഗയുടെ ഹർജി പ്രധാന കേസിനോടൊപ്പം ചേർക്കുമെന്നും കേസ് പത്തിന് വീണ്ടും പരിഗണിക്കാമെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഇതോടെ ബിജെപി കെജ്രിവാളിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. വീണ്ടും നീതിയും ധർമ്മവും വിജയിക്കുന്നുവെന്നാണ് ബി ജെ പി എംപി തേജസ്വി സൂര്യ അഭിപ്രായപ്പെട്ടത്. കെജ്‌രിവാൾ വീണ്ടും നാണംകെട്ടെന്ന് ബിജെപി നേതാക്കൾ കൂട്ടിച്ചേർത്തു.
തജ്ജീന്ദർ ബഗ്ഗയ്ക്കെതിരായ അറസ്റ്റും പിന്നാലെയുണ്ടായ നടപടികളും
ഒരു സംസ്ഥാനത്തെ പൊലീസ് മറ്റൊരു സംസ്ഥാനത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുന്നത് പുതിയ കാര്യമൊന്നുമല്ല. എന്നാല്‍ ബിജെപി നേതാവ് തജ്ജീന്ദർ ബഗ്ഗയ്ക്കെതിരായ അറസ്റ്റും പിന്നാലെയുണ്ടായ നടപടികളും രാജ്യമാകെ ശ്രദ്ധിക്കുന്നതായിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ (പഞ്ചാബ്, ദില്ലി, ഹരിയാന) പൊലീസുദ്യോസ്ഥർ കൊമ്പു കോർക്കുന്ന അതിശയിപ്പിക്കുന്ന കാഴ്ചയായിരുന്നു തജ്ജീന്ദർ ബഗ്ഗയ്ക്കെതിരായ നടപടിക്ക് പിന്നാലെ രാജ്യം കണ്ടത്. കഴിഞ്ഞ ദിവസം രാവിലെ പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥരാണ് ദില്ലിയിലെ ബിജെപി നേതാവായ തജിന്ദർ ബഗ്ഗയെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വിദ്വേഷം, മതവൈരം, തുടങ്ങിയവക്കൊപ്പം കെജ്രിവാളിനെ വെറുതെ വിടില്ലെന്ന ട്വീറ്റിന്‍റെ അടിസ്ഥാനത്തിലുമായിരുന്നു അറസ്റ്റ്.
തജ്ജീന്ദർ ബഗ്ഗ അറസ്റ്റിന് വഴങ്ങാതെ വന്നതോടെ ചെറിയ ബലപ്രയോഗം പഞ്ചാബ് പൊലീസിന് വേണ്ടി വന്നു. പിന്നാലെ മകനെ തട്ടിക്കൊണ്ട് പോയെന്ന് തജ്ജിന്ദർ ബഗ്ഗയുടെ പിതാവ് ദില്ലി പൊലീസിന് പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ദില്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാല്‍ അപ്പോഴെക്കും പഞ്ചാബ് പൊലീസ് സംഘം ദില്ലി അതിര്‍ത്തി കടന്ന് ഹരിയാനയില്‍ എത്തിയിരുന്നു. ദില്ലി പൊലീസിന്‍റെ സന്ദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കുരുക്ഷേത്രയിൽ വച്ച് ഹരിയാന പൊലീസ് പഞ്ചാബ് പൊലീസ് സംഘത്തെ തടഞ്ഞു. നിയമപ്രകാരമുള്ള അറസ്റ്റാണെന്നും തട്ടിക്കൊണ്ട് പോകുകയല്ലെന്നുമുള്ള പഞ്ചാബ് പൊലീസ് പ്രതിരോധം ഹരിയാന പൊലീസ് മുഖവിലക്കെടുത്തില്ല. ദില്ലി പൊലീസ് എത്തിച്ചേരുന്നത് വരെ പഞ്ചാബ് പൊലീസ് സംഘത്തെ കുരക്ഷേത്രയില്‍ തടഞ്ഞു വെച്ചു.
ദില്ലിയില്‍ നിന്നുള്ള പൊലീസ് സംഘം ഉച്ചയോടെ കുരുക്ഷേത്രയിലെത്തി ബിജെപി നേതാവിനെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു. വിജയം ചിഹ്നം കാണിച്ചാണ് തജ്ജിന്ദർ ബഗ്ഗ ദില്ലി പൊലീസിനൊപ്പം പോയത്. നടപടി ക്രമങ്ങള്‍ പാലിച്ചല്ല പഞ്ചാബ് പൊലീസ് തജ്ജിന്ദർ ബഗ്ഗയെ കൊണ്ടുപോയതെന്നായിരുന്നു ദില്ലി പൊലീസ് പ്രതികരിച്ചത്. എന്നാല്‍ ചട്ടം പാലിച്ചാണ് അറസ്റ്റെന്നും ഉദ്യോഗസ്ഥർ ദില്ലി ജനക്പുരി സ്റ്റേഷനിലെത്തി അറസ്റ്റ് വിവരം അറിയച്ചതായും പഞ്ചാബ് പൊലീസ് പറഞ്ഞു.
ഇതിനിടെ ബഗ്ഗയെ ദില്ലിയിലേക്ക് കൊണ്ടുപോകുന്നതിനെതിരെ പഞ്ചാബ് പൊലീസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിജയിച്ചില്ല. പക്ഷെ. എന്തുകൊണ്ടാണ് ഇടപെട്ടതെന്ന് വ്യക്തമാക്കാൻ ഹരിയാന പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. പിന്നീട് ഹരിയാന പൊലീസ് നടപടിയെ ഹരിയാന മുഖ്യമന്ത്രിയും ന്യായീകരിച്ചു. പഞ്ചാബ് പൊലീസ് രാഷ്ട്രീയ സമർദ്ദത്തിലായിരുന്നുവെന്ന ആരോപണവും മുഖ്യമന്ത്രി മനോഹര്ലാർൽ ഖട്ടാര്‍ ഉന്നയിച്ചു .
പ്രത്യക്ഷത്തില്‍ രണ്ട് പൊലീസ് സേനകൾക്കിടയിലെ പോരാണെന്ന് തോന്നുമെങ്കിലും രാഷ്ട്രീയപരമായി ആം ആദ്മി ബിജെപി പോരാണ് ഈ വിധം പ്രതിഫലിച്ചത്. ദില്ലി ഭരിക്കുന്നത് കെജ്രിവാള്‍ ആണെങ്കിലും പൊലീസിന് മേലുള്ള അധികാരം അമിത് ഷാ ഭരിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനാണ്. ഹരിയാനയിലും ബിജെപിയുടേത് തന്നെയാണ് ഭരണം. തജ്ജിന്ദർ ബഗ്ഗ ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിക്കെതിരെ ശക്തമായ ആക്രമണം നടത്തുന്ന ബിജെപി നേതാവാണ്. വിവാദപരവും പ്രകോപനപരവുമായ നിരവധി ട്വീറ്റുകള്‍ കെജ്രിവാളിനും ആപ്പിനുമെതിരെ ബഗ്ഗ നടത്തിയിട്ടുണ്ട്. അതിനാല്‍ പാര്‍ട്ടിക്ക് പൊലീസ് അധികാരമുള്ള പഞ്ചാബ് വഴി ബഗ്ഗക്കെതിരെ നീക്കം നടത്തുകയായിരുന്നു കെജ്രിവാള്‍ എന്നാണ് വിമർശനം. ദില്ലിയില്‍ മുൻപും കെജ്രിവാളും ബിജെപിയും ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും പഞ്ചാബില്‍ ആംആദ്മി പാർട്ടി അധികാരത്തില്‍ വന്ന ശേഷം ഇത് ആദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam