Asianet News MalayalamAsianet News Malayalam

അസാധാരണം, നാടകീയം; പഞ്ചാബ് പൊലീസ് പിടിച്ച ബിജെപി നേതാവിനെ മോചിപ്പിച്ച് ദില്ലി, ഹരിയാന പൊലീസ് 'ഓപ്പറേഷന്‍'

ദില്ലിയില്‍ നിന്നുള്ള പൊലീസ് സംഘം ഉച്ചയോടെ കുരുക്ഷേത്രയിലെത്തി ബിജെപി നേതാവിനെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു.  വിജയം ചിഹ്നം കാണിച്ചാണ് തജ്ജിന്ദർ ബഗ്ഗ ദില്ലി പൊലീസിനൊപ്പം പോയത്.  നടപടി ക്രമങ്ങള്‍ പാലിച്ചല്ല പ‌ഞ്ചാബ് പൊലീസ് തജ്ജിന്ദർ ബഗ്ഗയെ കൊണ്ടുപോയതെന്നാണ് ദില്ലി പൊലീസിന്റെ ആരോപണം. 

How Delhi Police Got Custody Of BJP's Tajinder Bagga In Haryana
Author
New Delhi, First Published May 6, 2022, 9:04 PM IST

ദില്ലി: ഒരു സംസ്ഥാനത്തെ പൊലീസ് മറ്റൊരു സംസ്ഥാനത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുന്നത് പുതിയ കാര്യമൊന്നുമല്ല. എന്നാല്‍ ബിജെപി നേതാവിന്‍റെ അറസ്റ്റില്‍ ഇന്ന് പഞ്ചാബ്, ദില്ലി, ഹരിയാന പൊലീസുദ്യോസ്ഥർ കൊന്പു കോർത്തത് അതിശയിപ്പിക്കുന്ന കാഴ്ച തന്നെയായിരുന്നു. രാവിലെ പത്തിലധികം പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ദില്ലിയിലെ ബിജെപി നേതാവായ തജിന്ദർ ബഗ്ഗയെ വീട്ടില്‍ ‍നിന്ന് അറസ്റ്റ് ചെയ്തത്.  വിദ്വേഷം, മതവൈരം, തുടങ്ങിയവക്കൊപ്പം കെജ്രിവാളിനെ വെറുതെ വിടില്ലെന്ന ട്വീറ്റിന്‍റെ അടിസ്ഥാനത്തിലുമായിരുന്നു അറസ്റ്റ്.  

തജ്ജീന്ദ‍ർ ബഗ്ഗ അറസ്റ്റിന് വഴങ്ങാതെ വന്നതോടെ ചെറിയ ബലപ്രയോഗം പഞ്ചാബ് പൊലീസിന്  വേണ്ടി വന്നു.  പിന്നാലെ മകനെ തട്ടിക്കൊണ്ട് പോയെന്ന് തജ്ജിന്ദർ ബഗ്ഗയുടെ പിതാവ് ദില്ലി പൊലീസിന് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ദില്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാല്‍ അപ്പോഴെക്കും പഞ്ചാബ് പൊലീസ് സംഘം ദില്ലി അതിര്‍ത്തി  കടന്ന് ഹരിയാനയില്‍ എത്തിയിരുന്നു. ദില്ലി പൊലീസിന്റെ സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുരുക്ഷേത്രയിൽ വച്ച് പഞ്ചാബ് പൊലീസ് സംഘത്തെ ഹരിയാന പൊലീസ് തടഞ്ഞു. നിയമപ്രകാരമുള്ള അറസ്റ്റാണെന്നും തട്ടിക്കൊണ്ട് പോകുകയല്ലെന്നുമുള്ള പഞ്ചാബ് പൊലീസ് പ്രതിരോധം ഹരിയാന പൊലീസ് മുഖവിലക്കെടുത്തില്ല. ദില്ലി പൊലീസ് എത്തിച്ചേരുന്നത് വരെ പഞ്ചാബ് പൊലീസ് സംഘത്തെ കുരക്ഷേത്രയില്‍ തടഞ്ഞു വെച്ചു.

ദില്ലിയില്‍ നിന്നുള്ള പൊലീസ് സംഘം ഉച്ചയോടെ കുരുക്ഷേത്രയിലെത്തി ബിജെപി നേതാവിനെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു.  വിജയം ചിഹ്നം കാണിച്ചാണ് തജ്ജിന്ദർ ബഗ്ഗ ദില്ലി പൊലീസിനൊപ്പം പോയത്.  നടപടി ക്രമങ്ങള്‍ പാലിച്ചല്ല പ‌ഞ്ചാബ് പൊലീസ് തജ്ജിന്ദർ ബഗ്ഗയെ കൊണ്ടുപോയതെന്നാണ് ദില്ലി പൊലീസിന്റെ ആരോപണം. എന്നാല്‍ ചട്ടം പാലിച്ചാണ് അറസ്റ്റെന്നും  ഉദ്യോഗസ്ഥ‍ർ ദില്ലി ജനക്പുരി സ്റ്റേഷനിലെത്തി അറസ്റ്റ് വിവരം അറിയച്ചതായും പഞ്ചാബ് പൊലീസ് പറഞ്ഞു.

ഇതിനിടെ ബഗ്ഗയെ ദില്ലിയിലേക്ക് കൊണ്ടുപോകുന്നതിനെതിരെ  പഞ്ചാബ് പൊലീസ്  ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിജയിച്ചില്ല. പക്ഷെ. എന്തുകൊണ്ടാണ് ഇടപെട്ടതെന്ന് വ്യക്തമാക്കാൻ ഹരിയാന പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. പിന്നീട് ഹരിയാന പൊലീസ് നടപടിയെ ഹരിയാന മുഖ്യമന്ത്രിയും ന്യായീകരിച്ചു. പഞ്ചാബ് പൊലീസ് രാഷ്ട്രീയ സമർദ്ദത്തിലായിരുന്നുവെന്ന ആരോപണവും മുഖ്യമന്ത്രി മനോഹര്ലാർൽ ഖട്ടാര്‍ ഉന്നയിച്ചു .

പ്രത്യക്ഷത്തില്‍ രണ്ട് പൊലീസ് സേനകൾക്കിടയിലെ  പോരാണെന്ന് തോന്നുമെങ്കിലും രാഷ്ട്രീയപരമായി  ആംആദ്മി ബിജെപി പോരാണ് ഈ വിധം പ്രതിഫലിച്ചത്. ദില്ലി ഭരിക്കുന്നത് കെജ്രിവാള്‍ ആണെങ്കിലും പൊലീസിന് മേലുള്ള അധികാരം അമിത് ഷാ ഭരിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനാണ്. ഹരിയാനയിലും ബിജെപിയുടേത് തന്നെയാണ് ഭരണം. തജ്ജിന്ദർ ബഗ്ഗ ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിക്കെതിരെ ശക്തമായ ആക്രമണം നടത്തുന്ന ബിജെപി നേതാവാണ്. വിവാദപരവും പ്രകോപനപരവുമായ നിരവധി ട്വീറ്റുകള്‍ കെജ്രിവാളിനും ആപ്പിനുമെതിരെ ബഗ്ഗ നടത്തിയിട്ടുണ്ട്. 

അതിനാല്‍ പാര്‍ട്ടിക്ക് പൊലീസ് അധികാരമുള്ള പഞ്ചാബ് വഴി ബഗ്ഗക്കെതിരെ നീക്കം നടത്തുകയായിരുന്നു കെജ്രിവാള്‍ എന്നാണ് വിമർശനം. ദില്ലിയില്‍ മുൻപും കെജ്രിവാളും ബിജെപിയും ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും പഞ്ചാബില്‍ ആംആദ്മി പാർട്ടി അധികാരത്തില്‍ വന്ന ശേഷം ഇത് ആദ്യമായാണ് ഇത്തരമൊരു സംഭവം. വരും ദിവസങ്ങളിലും ഇതിലുമേറെ സംഭവവികാസങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ടാകുമെന്നതിന്റെ  സൂചനകൂടിയാണ് ഇത് നല്കുകന്നത്

വാല്‍ക്കഷ്ണം : ഇതിനിടെ തജിന്ദർ ബഗ്ഗയെ പിന്തുണച്ചും ആംആദ്മി സർക്കാരിനെ വിമർശിച്ചും പഞ്ചാബിലെ വിമത കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദു വന്നത് കൗതുകകരമായ കാഴ്ചായി. ബഗ്ഗ വ്യത്യസ്ത ആശയങ്ങള്‍ പിന്തുടരുന്ന ആളാകാം എന്നാല്‍ രാഷ്ട്രീയ വൈരാഗ്യം അംഗീകരിക്കാനാകില്ലെന്നായിരുന്നു സിദ്ദുവിന്റെ  ട്വീറ്റ്. വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് പഞ്ചാബ് പൊലീസിനെ ഉപയോഗിച്ച് നടത്തുന്നത് ഗുരുതര കുറ്റമാണെന്നും രാഷ്ട്രീയവത്കരിച്ച് പഞ്ചാബ് പൊലീസിന്റെ പ്രതിച്ഛായ നശിപ്പിക്കരുതെന്നും സിദ്ദു വിമർശിച്ചു . കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലുള്ള സിദ്ദു വൈകാതെ പ്രശാന്ത് കിഷോറുമായി ചേർന്ന് പഞ്ചാബില്‍ പ്രദേശിക മുന്നണി രൂപികരിച്ച് ആംആദ്മി പാർട്ടിക്കെതിരെ പോരാടാനുള്ള നീക്കത്തിലാണ്.

Latest Videos
Follow Us:
Download App:
  • android
  • ios