ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരേക്ക് വിമാനയാത്ര നടത്തിയ യുവാവിന് കൊവിഡ‍്

By Web TeamFirst Published May 27, 2020, 11:27 AM IST
Highlights

ലോക്ക്ഡൗണിന് ശേഷം ചെന്നൈയില്‍ നിന്ന് ആദ്യമായി കോയമ്പത്തൂരിലെത്തിയ ഇന്‍റിഗോ വിമാനത്തില്‍ സഞ്ചരിച്ച യുവാവിനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

കോയമ്പത്തൂര്‍: ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ ആരംഭിച്ചതോടെ ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് യാത്ര ചെയ്തയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇയാളെ കോയമ്പത്തൂരിലെ ഇഎസ്ഐ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.  

ലോക്ക്ഡൗണിന് ശേഷം ചെന്നൈയില്‍ നിന്ന് ആദ്യമായി കോയമ്പത്തൂരിലെത്തിയ ഇന്‍റിഗോ വിമാനത്തില്‍ സഞ്ചരിച്ച 23കാരനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. രണ്ട് മാസത്തെ ലോക്ക്ഡൗണിന് ശേഷം കഴിഞ്ഞ ദിവസമാണ് വിമാനസര്‍വ്വീസ് ആരംഭിച്ചത്. 

ഇയാള്‍ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന മറ്റെല്ലാ യാത്രക്കാരുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് ജില്ലാ കളക്ടര്‍ കെ രാജമണി എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. '' വിമാനത്തിലുണ്ടായിരുന്ന 90 യാത്രക്കാരെയും ഞങ്ങള്‍ പരിശോധനയ്ക്ക് വിധേയരാക്കി. ഇയാള്‍ ഒഴിച്ച് ബാക്കിഎല്ലാവരുടെയും ഫലം നെഗറ്റീവാണ്. എല്ലാവരെയും ഹോം ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു'' - കളക്ടര്‍ വ്യക്തമാക്കി. 

വിമാനം അണുവിമുക്തമാക്കിയെന്നും ജീവനക്കാരെ 14 ദിവസത്തെ നിരീക്ഷണത്തിലാക്കിയെന്നും ഇന്‍റിഗോ പ്രസ്താവനയിലൂടെ അറിയിച്ചു. ഫേസ് മാസ്ക്, ഷീല്‍ഡ്, ഗ്ലൗസ് അടക്കം എല്ലാ സുരക്ഷാ ഉപകരണങ്ങളും ധരിച്ചാണ് 23കാരന്‍ വിമാനത്തില്‍ യാത്ര ചെയ്തതെന്നും ഇന്‍റിഗോ വ്യക്തമാക്കി. 

click me!