'അണക്കെട്ട് അനുവദിക്കില്ല'; കർണാടക ബിജെപി സർക്കാരിനെതിരെ സമരവുമായി തമിഴ്നാട് ബിജെപി

By Web TeamFirst Published Aug 5, 2021, 4:43 PM IST
Highlights

മേക്കേദാട്ടു അണക്കെട്ട് നിർമ്മാണത്തിനായി ഒരു ഇഷ്ടിക പോലും വെയ്ക്കാൻ അനുവദിക്കില്ലെന്ന മുൻനിലപാടിൽ ഉറച്ചുനില്‍ക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ. സമരത്തിൽ രാഷ്ട്രീയമില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 

ബെം​ഗളൂരു: കർണാടക ബിജെപി സർക്കാരിനെതിരെ നിരാഹാര സമരവുമായി തമിഴ്നാട് ബിജെപി. കാവേരി നദിക്ക് കുറുകെ മേക്കാദാട്ടു അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കത്തിന് എതിരെ തഞ്ചാവൂരിൽ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തിലാണ് സമരം. അണക്കെട്ട് നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് അണ്ണാമലൈ പറയുമ്പോൾ അണക്കെട്ട് നിർമ്മിക്കുന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർണാടക മുഖ്യമന്ത്രി.

ത‌ഞ്ചാവൂരിൽ വലിയ റാലിയോടെയാണ് ബിജെപി കർണാടക സർക്കാരിനെതിരായ തമിഴ്നാട് ബിജെപി ഘടകത്തിന്‍റെ ഏകദിന നിരാഹാര സമരം തുടങ്ങിയത്. മേക്കേദാട്ടു അണക്കെട്ട് നിർമ്മാണത്തിനായി ഒരു ഇഷ്ടിക പോലും വെയ്ക്കാൻ അനുവദിക്കില്ലെന്ന മുൻനിലപാടിൽ ഉറച്ചുനില്‍ക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ. സമരത്തിൽ രാഷ്ട്രീയമില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. മേക്കേദാട്ടു അണക്കെട്ട് വന്നാൽ കാവേരിയിൽ നിന്നും തമിഴ്നാട്ടിലേക്ക് ഒഴുകുന്ന വെള്ളം കുറയുമെന്നും കർഷകര്‍ ദുരിതത്തില്‍ ആകുമെന്നുള്ള ആശങ്കയെ തുടർന്നാണ് തമിഴ്നാട്ടിൽ വലിയ പ്രതിഷേധം ഉയർന്നത്. 

അണക്കെട്ടിനെതിരെ ‍ഡിഎംകെയും എഐഡിഎംകെയുമുൾപ്പെടെ തമിഴ്നാട്ടിലെ മറ്റ് രാഷ്ട്രീയ കക്ഷികളെല്ലാം രംഗത്ത്‌ വന്നതോടെ ജനരോഷം ഭയന്നാണ് ബിജെപി സമരമെന്നാണ് വിമർശനം. എന്നാൽ ആര് പ്രതിഷേധിച്ചാലും അണക്കെട്ട് നിർമ്മാണവുമായി മുന്നോട്ട് പോകുമെന്നാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നിലപാട് .

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona .

click me!