
ചെന്നൈ: തമിഴ്നാട്ടിലെ വിവാദമായ പരന്തൂർ വിമാനത്താവള പദ്ധതിയിൽ വാക്ക് പാലിച്ച് മുഖ്യമന്ത്രി വിജയ്. പരന്തൂർ വിമാനത്താവള പദ്ധതി സർക്കാർ ഉപേക്ഷിച്ചതായി അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. വിഷയത്തിൽ സമരംചെയ്യുന്ന കർഷകർക്കൊപ്പമാണ് താനെന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു.
'പരന്തൂർ വിമാനത്താവള പദ്ധതി സർക്കാർ ഉപേക്ഷിക്കുകയാണ്. നിർദിഷ്ട വിമാനത്താവളത്തിനെതിരേ സമരംചെയ്യുന്നവർക്കൊപ്പം ഞാൻ ഉറച്ചുനിൽക്കുന്നു. അന്ന് ഞാൻ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റുകയാണ്. പരന്തൂരിൽ വിമാനത്താവളം നിർമിക്കാനുള്ള നടപടികൾ ഈ സർക്കാർ ഉപേക്ഷിച്ചിരിക്കുകയാണ്', വിജയ് പറഞ്ഞു.
ചെന്നൈയിൽനിന്ന് 70 കിലോമീറ്റർ അകലെ കാഞ്ചീപുരം ജില്ലയിലെ പരന്തൂരിലാണ് പുതിയ വിമാനത്താവളം നിർമിക്കാൻ നേരത്തേ ഡിഎംകെ സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ, ഏക്കറുകണക്കിന് കൃഷിഭൂമി ഏറ്റെടുക്കുന്നതിലും പാരിസ്ഥിതിക വിഷയങ്ങൾ ചൂണ്ടിക്കാട്ടിയും വിമാനത്താവള പദ്ധതിക്കെതിരേ വലിയ പ്രതിഷേധമുയർന്നു. കർഷകരും നാട്ടുകാരും സമരവുമായി രംഗത്തിറങ്ങി. ടിവികെ രൂപവത്കരിച്ചതിന് പിന്നാലെ വിജയ്‍യും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വികസനത്തിന്റെ ഭാഗമായി വിമാനത്താവളം ആവശ്യമാണെങ്കിലും അത് കർഷകരുടെ ക്ഷേമത്തെ ബലികഴിപ്പിച്ചാകരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പരന്തൂർ വിമാനത്താവള പദ്ധതിക്ക് 2025-ലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയത്. തുടർന്ന് വിമാനത്താവള നിർമാണത്തിനുള്ള നീക്കങ്ങളുമായി ഡിഎംകെ സർക്കാർ മുന്നോട്ടുപോയി. ഇതോടെയാണ് പ്രതിഷേധങ്ങളും ശക്തമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam