മൃതദേഹാവശിഷ്ടങ്ങൾ നിറച്ച സ്യൂട്ട്കേസുമായി ട്രെയിനിൽ കയറിയത് യുവാവും യുവതിയും; വീട്ടിലെ ബിരിയാണി ചെമ്പിലും മൃതദേഹത്തിന്റെ ഭാ​ഗങ്ങൾ; അന്വേഷണം ചെന്നൈയിൽ

Published : Aug 23, 2026, 03:58 PM IST
train suitcase murder

Synopsis

ഓ​ഗസ്റ്റ് ആറിനാണ് ഡൽഹിയിലേക്കുള്ള തമിഴ്നാട് എക്സ്പ്രസിൽ സ്യൂട്ട്കേസിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഒരു ചുവന്ന സ്യൂട്ട്കേസിനുള്ളിലായിരുന്നു മൃതദേഹത്തിന്റെ ഭാ​ഗങ്ങൾ സൂക്ഷിച്ചിരുന്നത്. ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഉടമസ്ഥരില്ലാത്ത നിലയിൽ എന്തോ പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലായിരുന്നു സ്യൂട്ട്കേസ്.

ആ​ഗ്ര/ചെന്നൈ: ആ​ഗ്ര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ചെന്നൈയിലേക്ക്. സ്ത്രീയെ കൊലപ്പെടുത്തിയത് ചെന്നൈയിലെ ഒരു വാടകവീട്ടിലാണെന്നും ഒരു യുവതിയും യുവാവുമാണ് മൃതദേഹാവശിഷ്ടങ്ങളുമായി ചെന്നൈയിൽനിന്ന് ട്രെയിനിൽ കയറിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. സംഭവം നടന്ന വാടകവീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ബാക്കി മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. ഇതിൽ ശരീരത്തിന്റെ ഒരുഭാ​ഗം കെട്ടിത്തൂക്കിയ നിലയിലായിരുന്നു. ബാക്കി ചില ഭാ​ഗങ്ങൾ വീട്ടിലെ ബിരിയാണി ചെമ്പിൽ സൂക്ഷിച്ചനിലയിലും. ഇതും പൊലീസ് കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ഓ​ഗസ്റ്റ് ആറിനാണ് ഡൽഹിയിലേക്കുള്ള തമിഴ്നാട് എക്സ്പ്രസിൽ സ്യൂട്ട്കേസിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഒരു ചുവന്ന സ്യൂട്ട്കേസിനുള്ളിലായിരുന്നു മൃതദേഹത്തിന്റെ ഭാ​ഗങ്ങൾ സൂക്ഷിച്ചിരുന്നത്. ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഉടമസ്ഥരില്ലാത്ത നിലയിൽ എന്തോ പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലായിരുന്നു സ്യൂട്ട്കേസ്. സംശയം തോന്നിയ യാത്രക്കാർ റെയിൽവേ അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അഴുകിയനിലയിൽ മനുഷ്യന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പരിശോധനയിൽ ഇത് സ്ത്രീയുടെ മൃതദേഹഭാ​ഗങ്ങളാണെന്നും തെളിഞ്ഞു.

ആരാണ് സ്യൂട്ട്കേസുമായി ട്രെയിനിൽ കയറിയതെന്ന് കണ്ടെത്താൻ വിപുലമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. സ്യൂട്ട്കേസിനുള്ളിൽ ചെന്നൈ എന്നെഴുതിയ ഒരു പോളിത്തീൻ കവറുണ്ടായിരുന്നു. ഇതോടെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ഒരു യുവതിയും യുവാവും ചുവന്ന സ്യൂട്ട്കേസുമായി നടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും താമസിച്ചിരുന്ന വാടകവീട് കണ്ടെത്തിയത്. അതേസമയം, പ്രതികളെന്ന് സംശയിക്കുന്ന ഇവരെ ഇതുവരെയും പിടികൂടാനായിട്ടില്ല. ഇവരുടെ പേരുവിവരങ്ങളോ മറ്റുവിശദാംശങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ട സ്ത്രീയുടെ വിവരങ്ങളും പൊലീസ് ഇതുവരെ നൽകിയിട്ടില്ല. പ്രതികളും ഈ സ്ത്രീയും തമ്മിലുള്ള ബന്ധവും വ്യക്തമല്ല. സംഭവത്തിൽ ചെന്നൈ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം തുടരുകയാണെന്നാണ് പൊലീസിന്റെ പ്രതികരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേന്ദ്രസർക്കാർ വാ​ഗ്ദാനങ്ങൾ പാലിച്ചില്ല; വീണ്ടും സമരത്തിനൊരുങ്ങി സിജെപി, നാളെ അന്തിമതീരുമാനം
പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ മരിച്ച നിലയിൽ, മൂന്ന് മാസം ഗർഭിണി; ഭർത്താവിനെതിരെ കുടുംബം