Covid 19 : തമിഴ്നാട്ടിൽ കൊവിഡ് നിയന്ത്രണങ്ങൾ 15 വരെ നീട്ടി; കേരളത്തിലേക്കും തിരിച്ചും സർവീസുകൾക്ക് അനുമതി

By Web TeamFirst Published Nov 30, 2021, 9:21 PM IST
Highlights

 ചെന്നൈയിൽ നിന്നടക്കമുള്ള സ്വകാര്യ ബസുകൾക്കും ഇനി കേരളത്തിലേയ്ക്ക് സർവീസ് നടത്താം

ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് നിയന്ത്രണങ്ങൾ (covid restriction) നീട്ടി. ഡിസംബർ 15 വരെയാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്. കേരളത്തിലേക്ക് പൊതുഗതാഗത സർവീസുകൾ ആരംഭിക്കാനും തമിഴ്നാട് അനുമതി നൽകി. നിലവിൽ അയൽ സംസ്ഥാനങ്ങളായ ആന്ധ്രയിലേക്കും കർണാടകയിലേക്കും ബസ് സർവീസുകൾ ഉണ്ടായിരുന്നെങ്കിലും കേരളത്തിലേക്കും തമിഴ്നാട്ടിലേക്ക് തിരിച്ചും ബസ് സർവീസുകൾ  ഉണ്ടായിരുന്നില്ല. കെഎസ്ആർടിസി ബസുകൾക്കും ചെന്നൈയിൽ നിന്നടക്കമുള്ള  സ്വകാര്യ  ബസുകൾക്കും  ഇനി  കേരളത്തിലേയ്ക്ക്  സർവീസ് നടത്താം. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്ന് ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ  പറഞ്ഞു. പരമാവധി  പരിശോധനകൾ, നിരീക്ഷണം, ചികിത്സ, വാക്സിനേഷൻ, ഒപ്പം കൊവിഡ് പ്രോട്ടോക്കോൾ പാലനം എന്നതാണ് സർക്കാരിന്‍റെ നയമെന്നും സ്റ്റാലിൻ പറഞ്ഞു.

അതേസമയം കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും തിരിച്ചും അന്തർസവീസ് ബസ് ഗതാഗതം നാളെ മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കെ എസ് ആർ ടി സി അന്തർ സംസ്ഥാന സർവീസ് പാലക്കാടു നിന്ന് ആദ്യ സർവ്വീസ് നാളെ രാവിലെ 5 ന് തുടങ്ങുമെന്ന് അറിയിച്ചു. കോയമ്പത്തൂരിലേക്കാകും ആദ്യ സർവ്വീസ്. ആദ്യദിനം പത്തു സർവ്വീസ് ഉണ്ടാകുമെന്ന് പാലക്കാട് ഡിപ്പോ അധികൃത‍ർ വ്യക്തമാക്കി.

രാജ്യത്ത് ഒമിക്രോൺ സാന്നിധ്യമില്ല, ആ‍ർടിപിസിആർ-ആന്റിജൻ പരിശോധനയിൽ ഒമിക്രോൺ കണ്ടെത്താമെന്ന് കേന്ദ്രം

അതേസമയം കൊവിഡിന്റെ (COVID) വകഭേദമായ ഒമിക്രോണിന്റെ (Omicron)സാന്നിധ്യം രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അടിയന്തര സാഹചര്യത്തെ നേരിടാന്‍ രാജ്യം സജ്ജമാണെന്നും ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ( (Union Health Minister) രാജ്യസഭയെ അറിയിച്ചു.  ഒമിക്രോണ്‍ വകഭേദത്തെ ആര്‍ടിപിസിആര്‍ (RTPCR) ആന്‍റിജന്‍ (Antigen) പരിശോധനകളില്‍ തിരിച്ചറിയാൻ കഴിയുമെന്നും കേന്ദ്രം വ്യക്തമാക്കി.

ഒമിക്രോണില്‍ രാജ്യത്ത് ആശങ്ക തുടരുമ്പോഴാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ (Union Health Minister Mansouk Mandavya) സാഹചര്യത്തില്‍ വ്യക്തത വരുത്തിയത്. രോഗബാധ സ്ഥിരീകരിക്കാന്‍ ജീനോം സ്വീക്വന്‍സിംഗ് അടക്കമുള്ള കൂടുതല്‍ വിദഗ്ധ പരിശോധനകളാണ് നടക്കുന്നത്. അടിയന്തര സാഹചര്യത്തെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്‍ കൂട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പുതിയ വകഭേദം ബാധിച്ച ഒരു കേസ് പോലും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന മന്ത്രിയുടെ സ്ഥിരീകരണം താൽക്കാലികമെങ്കിലും ആശ്വാസകരമാണ്.

ആര്‍ടിപിസിആര്‍, ആന്‍റിജന്‍ പരിശോധനകളില്‍ ഒമിക്രോണ്‍ വകഭേദത്തെ തിരിച്ചറിയാനാകുമോയെന്ന സംശയം  പല സംസ്ഥാനങ്ങളും ഉന്നയിക്കുമ്പോഴാണ്  കേന്ദ്രം അക്കാര്യത്തിലും വ്യക്തത വരുത്തിത്. ആര്‍ടിപിസിആര്‍, ആന്‍റിജന്‍ പരിശോധനകളില്‍ വ്യക്തമാകാതിരിക്കാന്‍ ഒമിക്രോണിനാകില്ലെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നു. അതിനാല്‍ പരിശോധന നിരക്ക് കുത്തനെ കൂട്ടി രോഗനിര്‍ണ്ണയം നടത്തണമെന്നാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. 

സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ (Union Health Secretary Rajesh Bhushan) വിളിച്ച ഉന്നത തല അവലോകന യോഗത്തിലും പരിശോധന കൂട്ടേണ്ടതിന്‍റെ ആവശ്യകത സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. വാക്സീനേഷന്‍ തന്നെയാണ് നിലവിലെ ഭീഷണിക്കെതിരായ പ്രധാന പോംവഴി. വീടുകള്‍ തോറും എത്തി വാക്സീന്‍ നല്‍കുന്നതുള്‍പ്പെടയുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും അടുത്ത മുപ്പത്തിയൊന്നോടെ ഒരു ഡോസ് വാക്സീനെങ്കിലും എല്ലാവര്‍ക്കും ലഭ്യമായെന്ന് ഉറപ്പ് വരുത്തണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്.

ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വിമാനസർവ്വീസ് തുടരുന്നതിനെതിരെ രൂക്ഷവിമർശനവുമായി അരവിന്ദ് കെജ്രിവാൾ

അതേ സമയം അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ നിര്‍ത്തലാക്കാത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജിരാവാള്‍ രംഗത്തെത്തി. വിമാനസര്‍വ്വീസുകള്‍ നിര്‍ത്തലാക്കാന്‍ വൈകിയതിന്‍റെ തിരിച്ചടി ഒന്നാം തരംഗത്തില്‍ മനസിലായതാണെന്നും തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് മുന്നിലെ തടസമെന്താണെന്നും കെജ്രിവാള്‍ ചോദിച്ചു.

വാക്സീൻ എടുക്കാത്തവർക്ക് സൗജന്യ കൊവിഡ് ചികിത്സയില്ല, നിയന്ത്രണങ്ങളിൽ ഇളവ് വേണ്ടെന്നും തീരുമാനം

click me!