Asianet News MalayalamAsianet News Malayalam

Omicron: ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വിമാനസർവ്വീസ് തുടരുന്നതിനെതിരെ രൂക്ഷവിമർശനവുമായി അരവിന്ദ് കെജ്രിവാൾ

മിക്ക വിദേശ വിമാനങ്ങളും ഡൽഹിയിലേക്കാണ് വരുന്നത്. ഡൽഹിയെയാണ് വൈറസ് വ്യാപനം ഏറ്റവും കൂടുതൽ ബാധിക്കുന്നത്.  അന്താരാഷ്ട്ര വിമാനസ‍ർവ്വീസുകൾ അടിയന്തരമായി നിർത്താൻ പ്രധാനമന്ത്രി തീരുമാനമെടുക്കണം - കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു. 

Please Stop International Flights Arvind Kejriwal On Omicron
Author
Delhi, First Published Nov 30, 2021, 11:27 AM IST | Last Updated Nov 30, 2021, 11:27 AM IST

ദില്ലി: ഒമിക്രോൺ (omicron) സ്ഥിരീകരിച്ച ഹൈ റിസ്ക് രാജ്യങ്ങളിൽ (High Risk Nations) നിന്നുള്ള വിമാനസ‍ർവ്വീസുകൾ (international flight services) നിയന്ത്രണം ഏ‍ർപ്പെടുത്താൻ വൈകുന്നതിനെതിരെ രൂക്ഷവിമ‍ർശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അന്താരാഷ്ട്ര വിമാന സ‍ർവ്വീസുകൾ നിയന്ത്രിക്കാതിരുന്നാൽ കനത്ത തിരിച്ചടിയുണ്ടാവുമെന്നും ഇതേറ്റവും ​ഗുരുതരമായി ബാധിക്കുക ദില്ലിയെയായിരിക്കുമെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു. അടിയന്തരമായി അന്താരാഷ്ട്ര വിമാനസർവ്വീസുകൾ നിയന്ത്രിക്കാൻ പ്രധാനമന്ത്രി തയ്യാറാവണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. 

ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാനസ‍ർവീസുകൾ പല രാജ്യങ്ങളും ഇതിനോടകം നിർത്തി കഴിഞ്ഞു. എന്തുകൊണ്ടാണ് ഇവിടെ ഇക്കാര്യത്തിൽ തീരുമാനം വൈകുന്നത്? കൊവിഡിൻ്റെ ആദ്യതരം​ഗത്തിലും വിദേശവിമാനങ്ങൾ നിയന്ത്രിക്കുന്നത് വൈകിയിരുന്നു. മിക്ക വിദേശ വിമാനങ്ങളും ഡൽഹിയിലേക്കാണ് വരുന്നത്. ഡൽഹിയെയാണ് വൈറസ് വ്യാപനം ഏറ്റവും കൂടുതൽ ബാധിക്കുന്നത്.  അന്താരാഷ്ട്ര വിമാനസ‍ർവ്വീസുകൾ അടിയന്തരമായി നിർത്താൻ പ്രധാനമന്ത്രി തീരുമാനമെടുക്കണം - കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു. 

അതേസമയം വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ ദില്ലി സ‍ർക്കാർ കരുതൽ നടപടികൾ ശക്തമാക്കി. ഒമിക്രോൺ ബാധ സ്ഥിരീകരിച്ചാൽ  ചികിത്സിക്കാൻ ആശുപത്രി സജ്ജമാക്കിയതായി സർക്കാർ അറിയിച്ചു. ദില്ലിയിലെ എൽഎൻ ജെപി ആശുപത്രിയാണ് ഒമിക്രോൺ ചികിത്സക്കായി സജ്ജമാക്കിയിരിക്കുന്നത്.

കഴിഞ്ഞ 15 ദിവസത്തിനിടെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ പേ‍ർ മുംബൈയിൽ വിമാനമിറങ്ങിയെന്നാണ് മുംബൈ കോർപ്പറേഷൻ അറിയിക്കുന്നത്. വിമാനത്താവള അധികൃതരാണ് ഇക്കാര്യം കോർപ്പറേഷനെ  അറിയിച്ചത്. 466 പേരുടെ ലിസ്റ്റ് മാത്രമേ കോർപ്പറേഷൻറെ കയ്യിൽ ഇപ്പോൾ ഉള്ളൂ. അതിൽ 100 പേർ മുംബൈയിൽ തന്നെ ഉള്ളവരാണ്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അധികൃത‍ർ അറിയിച്ചു. 

മുൻകരുതൽ നടപടിയുടെ ഭാ​ഗമായി വിദേശത്ത് നിന്നും എത്തിയ പതിനാല് പേരെ നിരീക്ഷണത്തിലാക്കിയതായി ഉത്തരാഖണ്ഡ് സ‍ർക്കാർ അറിയിച്ചു. ഇവരിൽ ആറ് പേർ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയവരാണ്. എല്ലാവരുടേയും സ്രവം വിദഗ്ധ പരിശോധനക്കയച്ചുവെന്നും സർക്കാർ കൂട്ടിച്ചേർത്തു. 

ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിലെ സാഹചര്യം കേന്ദ്രസ‍ർക്കാർ ഇന്ന് വിലയിരുത്തും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ആണ് അവലോകനയോഗം വിളിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരുടെ അധ്യക്ഷതയിലും ഇന്ന് യോ​ഗം ചേരുന്നുണ്ട്. ചില സംസ്ഥാനങ്ങളിൽ ഇതിനോടകം യോ​ഗം ചേ‍ർന്നു. കർണാടക മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ബെം​ഗളൂരുവിൽ തുടങ്ങി. 

ഒമിക്രോൺ വൈറസിനെതിരെ കേരളം നടത്തുന്ന മുന്നൊരുക്കങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന കോവിഡ് അവലോകനയോഗം വിലയിരുത്തുന്നുണ്ട്. വിദഗ്ദരുമായി ചർച്ച നടത്തി വിദഗ്ദസമിതി മുന്നോട്ടുവെക്കുന്ന നിർദേശങ്ങളും, നിലവിൽ സ്വീകരിച്ച മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തും.  തിയേറ്ററുകളിൽ കൂടുതൽ പേരെ അനുവദിക്കുന്നതടക്കം  ഇളവുകളും ഇന്ന് ചർച്ചയാകും.    

തിയേറ്ററിൽ പ്രവേശിപ്പിക്കാവുന്നവരുട എണ്ണം 50 ശതമാനത്തിൽ നിന്ന് കൂട്ടണമെന്ന ആവശ്യം കഴിഞ്ഞ അവലോകനയോഗം ചർച്ചചെയ്തെങ്കിലും അംഗീകരിച്ചിരുന്നില്ല. ക്രിസ്മസ്, ന്യൂഇയർ പശ്ചാത്തലത്തിൽ  മരക്കാർ അടക്കം   ബിഗ്ബജറ്റ് ചിത്രങ്ങൾ വരാനിരിക്കുന്നതും  യോഗം പരിഗണിക്കും.  ഒമിക്രോൺ മുന്നൊരുക്കത്തിന്റെ ഭാഗമായി  ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് പരിശോധന, കർശന ക്വറന്റീൻ എന്നിവ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.  

ഒമിക്രോൺ പശ്ചാത്തലത്തിൽ ഹൈറിസ്ക് രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്ക് കർശന ക്വറന്റീൻ നടപ്പാക്കാൻ സംസ്ഥാന സ‍‍ർക്കാർ തീരുമാനിച്ചിട്ടുണ്ട്.  7 ദിവസം ക്വറന്റീന് ശേഷം നെെഗറ്റീവായാലും ഒരാഴ്ച്ച കൂടി സ്വയം നിരീക്ഷണത്തിൽ തുടരണം.  പോസിറ്റീവായി കണ്ടെത്തുന്നവരെ പ്രത്യേകം വാർഡ് സജ്ജമാക്കി മാറ്റാനും സംസ്ഥാനം ഒരുക്കം തുടങ്ങി. 

ബ്രിട്ടനും ദക്ഷിണാഫ്രിക്കയും അടക്കം കേന്ദ്രം പുറത്തിറക്കിയ ഹൈറിസ്ക് രാഷ്ട്രങ്ങളുടെ പട്ടിക നോക്കിയാകും കർശന നിരീക്ഷണവും നടപടികളും.  ഈ രാഷ്ട്രങ്ങളിൽ നിന്നെത്തുന്നവർ മൊത്തം 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. 7 ദിവസം ക്വാറന്റീന് ശേഷം എട്ടാം ദിവസം പരിശോധന. നെഗറ്റീവായാലും തുടർന്ന് 7 ദിവസം സ്വയം നിരീക്ഷണം. പോസിറ്റീവായാൽ പ്രത്യേകം വാർഡ് സജ്ജമാക്കി അങ്ങോട്ട് മാറ്റും. ഹൈറിസ്ക് അല്ലാത്ത മറ്റ് രാഷ്ട്രങ്ങളിൽ നിന്നുള്ളവരിലും 5 ശതമാനം പേരിൽ റാൻഡം പരിശോദന നടത്തും.   വൈറസ് വകഭേദം കണ്ടെത്താൻ വൈറസിന്റെ ജനിതക ശ്രേണീകരണ പഠനം ഊർജ്ജിതമാക്കും.  

ഹൈറിസ്ക് ആയി കണക്കാക്കിയ രാജ്യങ്ങളിൽ നിന്ന് ഇതിനോടകം സംസ്ഥാനത്തെത്തിയവരുടെ കണക്കുകളും എടുക്കുന്നുണ്ട്. രണ്ടാം ഡോസ് വാക്സിനെടുക്കാൻ ബാക്കിയുള്ളവരെ പ്രത്യേകം കണ്ടെ്തി വാക്സിനെടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. സാഹചര്യം ചർച്ച ചെയ്യാൻ വൈറസ് ജനിതക  വിദഗ്ദരുമായി വിദഗ്ദ സമിതി ചർച്ച നടത്തുന്നുണ്ട്. മൂന്നാംതരംഗം നേരിടാൻ വേണ്ടി ഒരുക്കിയ കുട്ടികളുടെ ചികിത്സാ സംവിധാനം, ഓക്സിജൻ സ്വയംപര്യാപ്തതയ്ക്കുള്ള നടപടികൾ എന്നിവ ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് ആത്മവിശ്വാസം നൽകുന്നുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios