മോദി-ഷീ ചിൻപിങ് ഉച്ചകോടിക്കെതിരെ പ്രതിഷേധിക്കുമെന്ന് സൂചന; തെന്‍സില്‍ സുന്‍ന്ത്യു അറസ്റ്റിൽ

By Web TeamFirst Published Oct 7, 2019, 1:59 PM IST
Highlights

ഒക്ടോബര്‍ 11 മുതല്‍ 13 വരെയാണ് മോദി-ഷീ ചിൻപിങും തമ്മിലുള്ള ഉച്ചക്കോടി നടക്കുക. ഇരുവരും ഉച്ചക്കോടിക്കായി വെള്ളിയാഴ്ച തമിഴ്നാട്ടിലെത്തും.

ചെന്നൈ: കവിയും ടിബറ്റന്‍ ആക്ടിവിസ്റ്റുമായ തെന്‍സില്‍ സുന്‍ന്ത്യു അറസ്റ്റിൽ. തമിഴ്നാട്ടിലെ മഹാബലിപുരത്ത് നിന്നാണ് തെന്‍സില്‍ സുന്‍ന്ത്യുവിനെയടക്കം ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ചിന്‍ പിങും തമ്മില്‍ മഹാബലിപുരത്ത് നടത്തുന്ന അനൗദ്യോഗിക ഉഭയകക്ഷി സമ്മേളനത്തിനിടെ പ്രതിഷേധത്തിന് പദ്ധതിയിടുന്നുവെന്ന കേന്ദ്ര രഹസ്യാന്വേഷണ (സിഐഎ) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

ടിബറ്റന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുമായവരാണ് സുന്‍ന്ത്യുവിനൊപ്പം അറസ്റ്റിലായത്. ദില്ലിയിൽ നിന്നെത്തിയ എട്ടുപേരെ ചെന്നെയിൽ നിന്നും സുന്‍ന്ത്യുവിനെ വില്ലുപ്പുരത്തുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ഹിമാചൽ പ്രദേശിലെ ധർമശാലയിലാണ് സുന്‍ന്ത്യു താമസിക്കുന്നത്. ക്രിമിനൽ നിയപ്രകാരം കസ്റ്റഡിയിലെടുത്ത സുന്‍ന്ത്യുവിനെ ജുഡീഷ്യൽ കസറ്റഡിയിൽ വിട്ടു. പിടിയിലായ മറ്റുള്ളവർ കസ്റ്റഡിയിൽ തന്നെയാണ്.

ഒക്ടോബര്‍ 11 മുതല്‍ 13 വരെയാണ് മോദി-ഷീ ചിൻപിങും തമ്മിലുള്ള ഉച്ചക്കോടി നടക്കുക. ഇരുവരും ഉച്ചക്കോടിക്കായി വെള്ളിയാഴ്ച തമിഴ്നാട്ടിലെത്തും. ഉച്ചക്കോടി നടക്കുന്നതിനാൽ കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് തമിഴ്നാട്ടിൽ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ചൈനയിലെ വുഹാനില്‍ നടന്ന ഇന്ത്യ –ചൈന അനൗദ്യോഗിക ഉച്ചകോടിയുടെ രണ്ടാം പതിപ്പിനാണ് മഹാബലിപുരം ആതിഥ്യം വഹിക്കുന്നത്. അതിര്‍ത്തി, രാജ്യ സുരക്ഷ, വ്യാപരം തുടങ്ങി ഇരുരാജ്യങ്ങള്‍ക്കും നിര്‍ണായകമായ വിഷയങ്ങളാണ് ഇരുനേതാക്കളും ഉച്ചകോടിയില്‍ ചർച്ച ചെയ്യുക.

Read More:മോദി-ഷീ ചിൻപിങ് കൂടിക്കാഴ്ച: ഫ്ലക്സ് നിരോധനത്തിന് ഇളവ് നല്‍കി മദ്രാസ് ഹൈക്കോടതി

ടിബറ്റിൽ നിന്നും പാലായനം ചെയ്ത് ഇന്ത്യയിലെത്തിയവരാാണ് സുന്‍ന്ത്യുവിന്റെ മാതാപിതാക്കള്‍. 1959 ലാണ് സുന്‍ന്ത്യുവിന്റെ മാതാപിതാക്കള്‍ ഇന്ത്യയിലെത്തുന്നത്. ധരംശാലയിലാണ് സുന്‍ന്ത്യു സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കുന്നത്. ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായി ഉപരിപഠനവും പൂര്‍ത്തിയാക്കി. 1999 ല്‍ സുന്‍ന്ത്യു, ഫ്രണ്ട്‌സ് ഓഫ് തിബറ്റ് സംഘടനയില്‍ ചേര്‍ന്നു. അന്നു മുതല്‍ ഫ്രണ്ട്‌സ് ഓഫ് ടിബറ്റിന്റെ ജനറല്‍ സെക്രട്ടറിയാണ് സുന്‍ന്ത്യു. 
 

click me!