
ശിവഗംഗ: തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ നടുക്കുന്ന അപകടം. ശിവഗംഗയിലെ തിരുമഞ്ഞോലയ്ക്ക് സമീപം തമിഴ്നാട് സംസ്ഥാന ട്രാൻസ്പോർട്ട് ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശിവഗംഗയിലെ അപകടത്തിൽ മൂന്ന് സ്ത്രീകൾ മരിച്ചതായി ദേശീയ വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടക്കുമ്പോൾ 47 പേരാണ് ബസിൽ യാത്ര ചെയ്തിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ ചികിത്സയ്ക്കായി ശിവഗംഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. അപകടത്തിൽ ബസിന്‍റെ ഉൾവശമടക്കം തകർന്നതിനാലാണ് കൂടുതൽ പേർക്ക് ഗുരുതരമായി പരിക്കേറ്റത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാർത്ത ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു എന്നതാണ്. നെല്ലിക്കുന്ന് സ്വദേശികളായ 2 പേരാണ് അപകടത്തിൽ മരിച്ചത്. തമിഴ്നാട്ടിലെ മന്നാർകുടിയിൽ വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ നാലരയോടെ ആണ് അപകടം നടന്നത്. തഞ്ചാവൂരിന് സമീപം ഒറത്തനാട് എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. ബസ് പാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. നെല്ലിക്കുന്ന് സ്വരാജ് നഗർ പുളിക്കൻ വീട്ടിൽ ലില്ലി വർഗീസ് (60), വരന്തരപ്പിള്ളി പള്ളിക്കുന്ന് താക്കോൽക്കാരൻ വീട്ടിൽ ജെറാർഡ് ജിമ്മി (9) എന്നിവരാണ് മരിച്ചത്. 27 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടേയും സ്ഥിതി ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഒറത്തനാട് ജനറൽ ആശുപത്രിയിലും തഞ്ചാവൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സാരമായ പരിക്കുള്ളവർക്ക് അടിയന്തര ശസ്ത്രക്രിയകൾ നടത്തി.