പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടുള്ള അന്വേഷണത്തിലാണ് പൊലീസിന് പ്രതിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്

കോഴിക്കോട്: കോഴിക്കോട് ട്രെയിൻ ആക്രമണ കേസിലെ പ്രതിയെന്ന് സൂചന ലഭിച്ച ഷെഹറുഖ് സെയ്ഫഫിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാൾ നോയിഡ സ്വദേശിയാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കോഴിക്കോടാണ് താമസിച്ചിരുന്നത്. കെട്ടിട നിർമ്മാണ ജോലിക്കാരനായാണ് ഇയാൾ ഇവിടെ പണിയെടുത്തിരുന്നത് എന്നാണ് വിവരം. പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടുള്ള അന്വേഷണത്തിലാണ് പൊലീസിന് പ്രതിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഇതിന് പിന്നാലെ ഇയാളെ കണ്ടെത്താനായുള്ള പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഷഫറുക്ക് സൈഫിയെ കുറിച്ചറിയാൻ പൊലീസ് ഇയാൾ കോഴിക്കോട് താമസിച്ചിരുന്ന അശോകപുരത്തെത്തി വിവരങ്ങൾ തിരക്കിയിട്ടുണ്ട്. നാട്ടുകാരോടാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് തിരക്കിയത്. സമീപത്തു നിർമാണം നടക്കുന്ന കെട്ടിടത്തിലെ ഇതര സംസ്ഥാന തൊഴിലാളികളോടും പ്രതിയെക്കുറിച്ച് പൊലീസ് അന്വേഷിച്ചു. എന്നാൽ ആരും രേഖാചിത്രം കണ്ടു ഇത് വരെ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് സൂചന. പ്രതിയെ പിടികൂടി ട്രെയിൻ കത്തിക്കലിന്‍റെ കാരണമടക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കോഴിക്കോട് ട്രെയിൻ ആക്രമണം; അന്വേഷണത്തിന് പ്രത്യേക സംഘം; നിർണായക തെളിവുകൾ ലഭിച്ചതായി ഡിജിപി

അതേസമയം അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഡി ജി പി അനിൽകാന്ത് അറിയിച്ചിരുന്നു. ക്രമസമാധാന ചുമതല ഉള്ള എ ഡി ജി പി എം ആർ അജിത് കുമാർ അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. സംഭവത്തെക്കുറിച്ച് നിർണായക തെളിവുകൾ കിട്ടിയിട്ടുണ്ട് മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും ഡി ജി പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

YouTube video player

അതേസമയം ഏലത്തൂർ ട്രെയിൻ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പർദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. മതസ്പർദ്ധ ജനിപ്പിക്കുന്നതടക്കമുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.